വയനാട്/ചേലക്കര: വീറും വാശിയും നിറഞ്ഞ പ്രചാരണങ്ങൾക്കൊടുവിൽ വയനാടും ചേലക്കരയും ഇന്ന് വീണ്ടും ബൂത്തിലേക്ക്. രാവിലെ 7 മണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ തന്നെ ബൂത്തുകളിൽ വോട്ട് ചെയ്യാനെത്തിയവരുടെ നീണ്ട നിരയുണ്ട്. 16 സ്ഥാനാർത്ഥികളാണ് വയനാട് ലോക്സഭാ മണ്ഡലത്തിൽ ജനവിധി തേടുന്നത്. ഏഴ് മണ്ഡലങ്ങളായി 16.71 ലക്ഷം വോട്ടർമാരാകും വിധിയെഴുതുക. വണ്ടൂർ നിയമസഭാ മണ്ഡലത്തിലാണ് ഏറ്റവും അധികം വോട്ടർമാരുള്ളത്. 2.34 ലക്ഷം പേരാണ് ഇവിടെയുള്ളത്.
നിയമസഭ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിൽ ആറ് പേരാണ് മത്സരരംഗത്തുള്ളത്. 2.13 ലക്ഷം വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്. 180 പോളിംഗ് ബൂത്തുകളാണ് മണ്ഡലത്തിൽ സജ്ജമാക്കിയിട്ടുള്ളത്. രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ് വോട്ടെടുപ്പ്.
അതേസമയം, രണ്ട് മണ്ഡലങ്ങളിലും പലയിടത്തും വോട്ടിംഗ് മെഷീൻ പണിമുടക്കിയതിനാൽ രാവിലെ തന്നെ പോളിംഗ് തടസപ്പെട്ടു. വയനാട് ലോക്സഭാ മണ്ഡലത്തിലെ 117 ആം നമ്പർ ബൂത്തിൽ വോട്ടിംഗ് തടസ്സപ്പെട്ടു. വോട്ടിംഗ് യന്ത്രത്തിലെ തകരാറാണ് കാരണം. അഗസ്ത്യമുഴിയിലെ 117 ആം നമ്പർ ബൂത്തിൽ രണ്ടുപേർ വോട്ട് രേഖപ്പെടുത്തി കഴിഞ്ഞപ്പോഴാണ് ഇവിഎം തകരാറായത്. തിരുവമ്പാടി മണ്ഡലത്തിൽ രണ്ടിടത്ത് വോട്ടിങ് മെഷീൻ തകരാർ കണ്ടെത്തി. കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറംതോട് ബൂത്ത് 86 ൽ ഇതുവരെ വോട്ടിംഗ് ആരംഭിച്ചില്ല. 8 മണിയാകുമെന്നു ഉദ്യോഗസ്ഥർ അറിയിച്ചു.

