കൽപ്പറ്റ :വയനാടിനെ നടുക്കിയ ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ ആശങ്കയുയര്‍ത്തി മരണസംഖ്യ ഉയരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ മുണ്ടക്കൈ, ചൂരല്‍മല മേഖലകളെ നാമാവശേഷമാക്കിയ ഉരുള്‍പ്പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 222 ആയി. 225 പേരാണ് പരിക്കേറ്റ് നിലവില്‍ ചികിത്സയിലുള്ളത്. ഇനിയും 218 പേരെ കണ്ടെത്താനുണ്ടെന്നാണ് ദുരന്തമേഖലയില്‍നിന്ന് ലഭിക്കുന്ന വിവരം. അതിനാൽ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് ആശങ്ക. ഇടയ്ക്കിടെ പെയ്യുന്ന മഴ രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
മേഖലയിൽ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കരസേനയും വ്യോമസേനയും എന്‍ഡിആര്‍എഫ്, എസ്‌ഡിആർഎഫ് , പോലീസ്, അഗ്നിരക്ഷാസേന തുടങ്ങിയവരും നിരവധി സന്നദ്ധപ്രവര്‍ത്തകരും രക്ഷാദൗത്യത്തില്‍ പങ്കെടുക്കുന്നുണ്ട്. പ്രദേശത്ത് കൂടുതല്‍ മണ്ണുമാന്തി യന്ത്രങ്ങളും മറ്റുസംവിധാനങ്ങളും എത്തിച്ച് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാനാണ് ശ്രമം. സൈന്യത്തിന്റെ നേതൃത്വത്തില്‍ ബെയ്‌ലി പാലം നിർമ്മിച്ചു വരികയാണ്. നാളെയോടെ പാലത്തിന്റെ പണി പൂർത്തിയാകും.
കൂറ്റന്‍ പാറക്കല്ലുകള്‍ക്കടിയിലും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലും ചെളിയിലും നിരവധിപേരുടെ മൃതദേഹങ്ങള്‍ ഇനിയുമുണ്ടാകുമെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്. കോണ്‍ക്രീറ്റ് കട്ടിങ് മെഷീന്‍ ഉള്‍പ്പെടെയുള്ള യന്ത്രസാമഗ്രികളുടെ അപര്യാപ്തതയും നേരിടുന്നുണ്ട്. : ഉരുൾപ്പൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വയനാട്ടിലെ വിവിധ പ്രദേശങ്ങളിലെ 82 ദുരിതാശ്വാസ ക്യാമ്പുകളിലായി 8107 പേരെ മാറ്റിപാര്‍പ്പിച്ചിരിക്കുകയാണ്.

