കൽപറ്റ : വയനാട്ടിലെ ഉരുൾപ്പൊട്ടൽ ദുരന്ത മേഖലകളിലെ ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ചു. മുണ്ടക്കൈ, പുഞ്ചിരിമട്ടം എന്നിവിടങ്ങളിലെയും ചാലിയാറിലെയും തെരച്ചിലാണ് അവസാനിപ്പിച്ചത്. ദൗത്യം നാളെ രാവിലെ ഏഴ് മണിക്ക് തന്നെ പുനരാരംഭിക്കും. ചാലിയാറിൽ രണ്ട് ഭാഗങ്ങളിൽ നിന്നായിരിക്കും നാളെ തെരച്ചിൽ നടത്തുക. ചാലിയാറിലെ തെരച്ചിൽ തിങ്കളാഴ്ചയോടെ അവസാനിപ്പിക്കാനാണ് തീരുമാനമായിട്ടുണ്ട്.
ദുരന്തത്തിലെ മരണസംഖ്യ 365 ആയി. 148 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞ് ബന്ധുക്കൾക്ക് കൈമാറിയിട്ടുണ്ട്. ഇനി 206 പേരെയാണ് കണ്ടെത്താനുള്ളത്. മരിച്ചവരിൽ 30 കുട്ടികളും ഉൾപ്പെടുന്നുണ്ട്. 93 ദുരിതാശ്വാസ കേന്ദ്രങ്ങളിലായി 10042 പേരാണ് കഴിയുന്നത്. ഇന്ന് നാല് മൃതദേഹങ്ങളാണ് ദുരന്തഭൂമിയിൽ നിന്നും കണ്ടെടുത്തത്. അഞ്ചാം ദിവസവും ആരെയും ജീവനോടെ കണ്ടെത്താൻ സാധിച്ചിട്ടില്ല. ചാലിയാർ ഗതിമാറിയൊഴുകിയ സ്ഥലങ്ങളിലടക്കം പരിശോധന നടത്തിയ ശേഷം തിങ്കളാഴ്ച ഇവിടത്തെ തെരച്ചിൽ അവസാനിപ്പിക്കും

