Monday, December 22, 2025

വയനാട് ഉരുൾപൊട്ടൽ : പുഞ്ചിരിമട്ടത്തും മുണ്ടക്കൈയിലും പരിശോധന തുടരുന്നു ; പലയിടത്തും വീടുകളുടെ അവശിഷ്ടങ്ങൾ പോലും കാണാനില്ല

കൽപ്പറ്റ: വയനാട്ടിലെ മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ പെട്ടവരെ കണ്ടെത്താൻ പുഞ്ചിരിമട്ടത്തും മുണ്ടക്കൈയും പരിശോധന തുടരുന്നു. ഉരുൾപൊട്ടലിന്റെ പ്രഭവ കേന്ദ്രമെന്ന് കരുതുന്ന പുഞ്ചിരിമട്ടത്ത് വീടുകളുടെ അവശിഷ്ടങ്ങൾ പോലും കാണാനില്ലെന്നാണ് പുറത്തുവരുന്ന വിവരം. വലിയ ഉരുളൻ പാറകൾ മാത്രമാണ് ഇവിടെയുള്ളത്. പുഞ്ചിരിമട്ടത്ത് വീടുകൾ ഉണ്ടായിരുന്നുവെന്ന് കണക്കാക്കുന്ന പ്രദേശത്ത് നിന്ന് ഒരു ഓട്ടോറിക്ഷയുടെ അവശിഷ്ടങ്ങൾ കണ്ടെത്തി. എന്നാൽ ഓട്ടോറിക്ഷ പൂർണമായും മാറ്റാനും കഴിയുന്നില്ല. പാറക്കെട്ടുകൾക്കുള്ളിൽ കുടുങ്ങിയ നിലയിലാണ് ഓട്ടോറിക്ഷ. ഇതിനുള്ളിൽ മൃതദേഹം ഉണ്ടോയെന്നാണ് പരിശോധിക്കുന്നത്. നിലവിൽ ഹിറ്റാച്ചി ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കിട്ടിയാൽ മാത്രമേ രക്ഷാപ്രവർത്തനം കാര്യക്ഷമമാകൂ എന്നാണ് രക്ഷാ പ്രവർത്തകർ പറയുന്നത്.

പുഞ്ചിരിമട്ടത്തിന് മുകളിലായുള്ള കോളനിയിലും താമസക്കാരുണ്ടായിരുന്നുവെന്ന് നാട്ടുകാരൻ പറയുന്നു. ഇവിടേക്കുള്ള യാത്ര ദുഷ്കരമായതിനാൽ പരിശോധന നടത്താനുമായിട്ടില്ല. ഇന്നലെ തേയിലത്തോട്ടത്തിൽ അകപ്പെട്ട 17 പേരെ രക്ഷപ്പെടുത്തിയിരുന്നു. അതേസമയം, ബെയ്ലി പാലത്തിന് സമീപത്തും മൃതദേഹത്തിനായുള്ള തെരച്ചിൽ നടക്കുകയാണ്. അവിടെ കുഴിച്ചു നോക്കിയാണ് രക്ഷാപ്രവർത്തനം നടക്കുന്നത്.

Related Articles

Latest Articles