Sunday, December 14, 2025

വയനാട് പുനരധിവാസം !ആദ്യ ടൗൺഷിപ്പ് കൽപ്പറ്റ എൽസ്റ്റോൺ എസ്റ്റേറ്റിൽ ഉയരും ; നെടുമ്പാല എസ്റ്റേറ്റിനെ തൽക്കാലം ഒഴിവാക്കി

കൽപ്പറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുളള ആദ്യ ടൗൺഷിപ്പ് കൽപ്പറ്റ എൽസ്റ്റോൺ എസ്റ്റേറ്റിൽ ഒരുങ്ങും.58 ഹെക്ടറിലാണ് ആദ്യ ടൗൺഷിപ്പ് നിർമിക്കുക. അടുത്തമാസം തറക്കല്ലിടും. പുനരധിവാസത്തിനായി തെരഞ്ഞെടുത്തിരുന്ന രണ്ട് എസ്റ്റേറ്റുകളിൽ ഒന്നുമാത്രം ഏറ്റെടുത്താൽ മതിയെന്നാണ് സർക്കാർ തീരുമാനം. നെടുമ്പാല എസ്റ്റേറ്റിനെയാണ് തൽക്കാലത്തേക്ക് ഒഴിവാക്കിയിരിക്കുന്നത്. എൽസ്റ്റോൺ എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിനുള്ള നടപടികൾ ഈ മാസം തന്നെ പൂർത്തിയാക്കാനും മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.

813 കുടുംബങ്ങളെയാണ് ഉരുൾപൊട്ടലിനുശേഷം സർക്കാർ പുനരധിവസിപ്പിച്ചിട്ടുളളത്. ഇതിൽ 242 പേരുടെ ​ഗുണഭോക്തൃ പട്ടികയാണ് ആദ്യ ഘട്ടത്തിൽ തയ്യാറാക്കിയത്. ദുരന്തമേഖലയിൽ ഒറ്റപ്പെട്ട് കഴിയുന്നവരേയും സർക്കാർ പ്രഖ്യാപിച്ച 15 ലക്ഷം രൂപ നഷ്ടപരിഹാരം സ്വീകരിച്ച് ടൗൺഷിപ്പിൽ നിന്ന് പുറത്തുപോകുന്നവരെയും പരി​ഗണിച്ചാണ് അന്തിമ പട്ടിക പുറത്തിറക്കുക.

നിർമാണ പ്രവർത്തികൾ കഴിയും വേഗത്തിൽ ആരംഭിച്ച ശേഷം വായ്പാ വിനിയോ​ഗത്തിൽ കേന്ദ്രത്തോട് സാവകാശം തേടാനാണ് സർക്കാർ ധാരണ. യൂണിറ്റിന് 25 ലക്ഷം എന്ന നിർമാണ ചിലവ് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഊരാളുങ്കൽ ലേബർ സൊസൈറ്റിയുമായും ചർച്ച നടത്തും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ 16 അം​ഗം കോർഡിനേഷൻ കമ്മറ്റിയേയും മേൽനോട്ടത്തിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. വരവ് ചിലവ് കണക്കും ഏകോപനവും ഈ കമ്മിറ്റിക്ക് ആയിരിക്കും.

Related Articles

Latest Articles