ദില്ലി : എൻഡിഎ സഖ്യത്തിലേക്ക് മടങ്ങിയെത്താൻ ശ്രമങ്ങളാരംഭിച്ച് എഐഎഡിഎംകെ. ഇതിനായുള്ള കൂടുതൽ ചർച്ചകൾക്കായി എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി ദില്ലിയിലെത്തി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷൻ കെ. അണ്ണാമലൈയുമായുള്ള ഭിന്നതയെ തുടർന്ന് 2023 സെപ്റ്റംബറിൽ ആയിരുന്നു എഐഎഡിഎംകെ എൻഡിഎയുമായുള്ള സഖ്യം ഉപേക്ഷിച്ചിരുന്നത്.
2026 ലെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയും എഐഎഡിഎംകെയും ഒന്നിച്ചാൽ അത് തമിഴ്നാട് രാഷ്ട്രീയത്തിൽ നിർണായകമായി മാറുന്നതാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ ബിജെപിയും എഐഎഡിഎംകെയും വോട്ട് വിഹിതം വർദ്ധിപ്പിച്ചതിനാൽ, ഇരു പാർട്ടികളും ഒന്നിക്കുന്നത് സഖ്യത്തിന്റെ സാധ്യതകൾ വർദ്ധിപ്പിക്കും. ഡിഎംകെ സ്വന്തം പോരായ്മകൾ മറച്ചുവെക്കാനും രാഷ്ട്രീയ നേട്ടം കൊയ്യാനുമായിട്ടാണ് ഡീലിമിറ്റേഷനേയും കേന്ദ്ര വിദ്യാഭ്യാസ നയത്തെയും എതിർക്കുന്നതായി കാണിക്കുന്നത് എന്ന് നേരത്തെ എഐഎഡിഎംകെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് എടപ്പാടി പളനിസ്വാമിയുടെ ദില്ലി സന്ദർശനം.

