Sunday, December 21, 2025

സ്കൂൾ ബാഗിൻ്റെ ഭാരം കുറക്കൽ; മിന്നൽ പരിശോധനയാകാമെന്ന് ഹൈക്കോടതി

സ്വകാര്യ സ്കൂളുകളിലുൾപ്പെടെ വിദ്യാര്‍ഥികളുടെ ബാഗിൻ്റെ ഭാരം കുറക്കുന്ന കാര്യം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും സിബിഎസ്ഇയും ഉറപ്പാക്കണമെന്ന് ഹൈക്കോടതി. സ്കൂൾ ബാഗിൻ്റെ ഭാരം കുട്ടികളുടെ ശരീരഭാരത്തിൻ്റെ 10 ശതമാനത്തിൽ കൂടരുതെന്ന ആവശ്യവുമായി കൊച്ചിയിലെ ഡോ.ജോണി സിറിയക്ക് നൽകിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ മറുപടി.

കുട്ടികളുടെ താത്പര്യ സംരക്ഷണത്തിന് പ്രവര്‍ത്തിക്കാനുള്ള ബാധ്യത അധികൃതര്‍ക്കുണ്ടെന്ന് ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരുൾപ്പെട്ട ബെഞ്ച് ചൂണ്ടിക്കാട്ടി. മാത്രമല്ല, ബാഗിൻ്റെ ഭാരം കുറക്കണമെന്ന് സിബിഎസ്ഇയും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും നിര്‍ദേശിച്ചിട്ടും ഇവിടെ ഫലപ്രദമായി നടപ്പാക്കിയിട്ടില്ലെന്നും കോടതി പറഞ്ഞു. ഇതിൻ്റെ ഭാഗമായി സ്കൂളുകളിൽ നോട്ടീസ് നൽകിയോ നൽകാതെയോ പരിശോധന നടത്തണമെന്നും വേണമെങ്കിൽ മിന്നൽ പരിശോധന പോലും നടത്താമെന്നും കോടതി അറിയിച്ചു. അമിതഭാരം ചുമക്കേണ്ടിവരുന്നത് വിദ്യാര്‍ഥികളുടെ സ്വാതന്ത്യത്തേയും ജീവിതത്തേയും ബാധിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.

2016ലെ സിബിഎസ്ഇ സര്‍ക്കുലര്‍

1. പാഠപുസ്തകങ്ങളും നോട്ട് ബുക്കുകളും പരമാവധി കുറയ്ക്കാനുകുന്ന വിധം ടൈംടേബിൾ പരിഷ്കരിക്കണം.
2. അസൈസ്മെൻ്റും പ്രോജക്ടും സ്കൂൾ അധ്യാപകരുടെ മേൽനോട്ടത്തിൽ നടത്തണം
3. 1, 2 ക്ലാസുകളിൽ ഹോം വര്‍ക്ക് വേണ്ട
4. 1 മുതൽ 8 ക്ലാസുകളിൽ ഭാരം കുറഞ്ഞ പുസ്തകം മതി
5. കുട്ടികൾക്ക് ജോടികളായി പുസ്തകം പങ്കിട്ട് ഉപയോഗിക്കാൻ സാഹചര്യമൊരുക്കണം
6. തോളിൽ തൂക്കിയിടുന്ന ബാഗിന് പകരം ബാക്ക്പായ്ക്ക് നൽകണം
7. പാഠപുസ്തകം 3 വാല്യമാക്കി തിരിക്കണം. കുറഞ്ഞ പേജിൻ്റെ നോട്ട് ബുക്കുകൾ ഉപയോഗിക്കണം( സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ 2016)

Related Articles

Latest Articles