എറണാകുളം- ബംഗളൂരു റൂട്ടിൽ സെമി ഹൈസ്പീഡ് ട്രെയിൻ യാഥാർത്ഥ്യമാകുന്നു. പുതിയ വന്ദേ ഭാരത് റേക്ക് എത്തിയതോടെ യാത്രക്കാരുടെ പ്രതീക്ഷകൾക്ക് വീണ്ടും ചിറകുവെച്ചിരിക്കുകയാണ്. കേരളത്തിൻറെ മൂന്നാം വന്ദേ ഭാരതായി എറണാകുളം – ബംഗളൂരു റൂട്ടിൽ ഈ ട്രെയിൻ സർവീസ് നടത്തുമെന്ന പ്രതീക്ഷയിലാണ് മലയാളികൾ.
കേരളത്തിന്റ മൂന്നാം വന്ദേ ഭാരത് റേക്ക് സംസ്ഥാനത്തെത്തിയതായി ദേശീയമാദ്ധ്യമമാണ് റിപ്പോർട്ട് ചെയ്തത്. പുതിയ വന്ദേ ഭാരത് റേക്ക് കൊല്ലത്ത് നിർത്തിയിട്ടിരിക്കുകയാണെന്നാണ് വിവരം. എറണാകുളം സ്റ്റേഷനിലെ നിലവിലെ സ്ഥലപരിമിതികളെത്തുടർന്നാണ് റേക്ക് കൊല്ലത്ത് തന്നെ തുടരുന്നതെന്നാണ് ദേശീയമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം പുതിയ വന്ദേ ഭാരത് സർവീസ് എന്ന് ആരംഭിക്കുമെന്നോ ഏതെല്ലാം സ്റ്റേഷനുകളിലായിരിക്കും സ്റ്റോപ്പുകളെന്നോ റെയിൽവേ അധികൃതർ പ്രതികരിച്ചിട്ടില്ല.പുതിയ വന്ദേ ഭാരത് സർവീസിനുവേണ്ടി എറണാകുളം സ്റ്റേഷനിൽ മാർഷലിങ് യാഡിൽ വന്ദേ ഭാരത് ട്രെയിനുകൾക്കുള്ള അറ്റകുറ്റപ്പണി സൗകര്യം ഒരുക്കിവരികയാണ്. രാവിലെ അഞ്ച് മണിയ്ക്ക് സർവീസ് ആരംഭിച്ച് രാത്രി 11:00 മണിയോടെ മടക്കയാത്രയും പൂർത്തിയാകുന്ന രീതിയിലാകും ട്രെയിൻ സർവീസ് ക്രമീകരിക്കുക.
നിലവിൽ കേരളത്തിലൂടെ രണ്ട് വന്ദേ ഭാരത് എക്‌സ്പ്രസുകളാണ് സർവീസ് നടത്തുന്നത്. തിരുവനന്തപുരം – കാസർകോട്, തിരുവനന്തപുരം – മംഗലാപുരം റൂട്ടുകളിലാണ് ഈ സർവീസുകൾ. രാജ്യത്ത് തന്നെ ഒക്യുപെൻസി റേറ്റിൽ മുന്നിൽ നിൽക്കുന്ന ട്രെയിൻ സർവീസുകളാണ് ഇവ രണ്ടും. തിരുവനന്തപുരം – കാസർകോട് റൂട്ടിൽ സർവീസ് നടത്തിയിരുന്ന ട്രെയിനുകളിലൊന്ന് അടുത്തിടെ മംഗലാപുരത്തേക്ക് നീട്ടുകയായിരുന്നു.
എറണാകുളം – ബംഗളൂരു റൂട്ടിൽ സർവീസ് നടത്തുന്ന വന്ദേ ഭാരതിന് അഞ്ച് സ്റ്റോപ്പുകളാവും ഉണ്ടാവുകയെന്നായിരുന്നു നേരത്തെയുള്ള റിപ്പോർട്ടുകൾ. തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, ഈറോഡ്, സേലം എന്നിവിടങ്ങളിലാകും ഈ സ്റ്റോപ്പുകൾ.

