കോഴിക്കോട്: വാർത്താ സമ്മേളനത്തിനിടെ പ്രതിപക്ഷ നേതാവിനെ അസഭ്യം പറഞ്ഞ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ ന്യായീകരിച്ച് കെ മുരളീധരൻ എംപി. സുധാകരൻ പറഞ്ഞത് തമിഴ് ഭാഷയിൽ സാധാരണയായി പറയുന്ന ഒരു പ്രയോഗം മാത്രമാണെന്നും അത് വലിയ പ്രശ്‌നമാക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. സുധാകരൻ പറഞ്ഞ ആദ്യത്തെ വാചകം മാത്രമാണൈങ്കിൽ അതിനെ മൈ ഡിയർ എന്ന് വിശേഷിപ്പിക്കാം എന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
‘നിങ്ങൾ പറയുന്നത് പോലെയാണെങ്കിൽ സുധാകരൻ പറഞ്ഞത് തമിഴ് ഭാഷയിൽ സാധാരണ പറയുന്ന ഒരു വാചകം മാത്രമാണ്. ആദ്യത്തെ വാചകം മാത്രമാണെങ്കിൽ അതിനെ മൈ ഡിയർ എന്ന് വിശേഷിപ്പിക്കാം. അതിനെ അങ്ങനെ കണ്ടാൽ മതി. ഇതൊന്നും പാർട്ടിയിലെ വഴക്കിന്റെ ഭാഗമല്ല’എന്ന് മുരളീധൻ പറഞ്ഞു.
കെപിസിസിയുടെ സമരാഗ്നിയുടെ ഭാഗമായി നടത്തിയ വാർത്താസമ്മേളന വേദിയിലാണ് സുധാകരൻ പ്രതിപക്ഷ നേതാവിനെ അസഭ്യം പറഞ്ഞത്. മാദ്ധ്യമപ്രവർത്തകരെ വിളിച്ചു വരുത്തിയിട്ട് ഇയാളിതെവിടെ പോയി കിടക്കുന്നു എന്നാണ് അശ്ലീല പദപ്രയോഗത്തോടെ കെപിസിസി അദ്ധ്യക്ഷൻ ചോദിച്ചത്. ഇത് വളരെ മോശം പരിപാടിയാണ്. ഒന്ന് വിളിച്ച് നോക്ക് എന്നും സുധാകരൻ ചോദിച്ചു. സംഭവം കൈവിട്ടു പോകുന്നെന്ന് മനസിലാക്കിയതോടെ കൂടുതൽ സംസാരിക്കരുത്, മൈക്ക് ഓൺ ആണെന്ന് ഷാനി മോളും പ്രസിഡന്റേ ക്യാമറയും ഓൺ ആണെന്ന് ബാബു പ്രസാദും മുന്നറിയിപ്പ് നൽകുകയായിരുന്നു.

