തിരുവനന്തപുരം എംപി ശശി തരൂരിന് നേരെ ചോദ്യശരങ്ങളുമായി ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖർ. തിരുവനന്തപുരത്തിന് ലഭിക്കാമായിരുന്ന എയിംസ് കോഴിക്കോടിന് പോയതിൽ വല്ലാത്തതൊരാശ്വാസം പോലെയാണ് ശശി തരൂർ പ്രതികരിക്കുന്നതെന്നാണ് രാജീവ് ചന്ദ്രശേഖർ തുറന്നടിച്ചത്. എക്‌സിലൂടെയാണ് രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം.
15 വർഷമായി തിരുവനന്തപുരത്തെ പ്രതിനിധീകരിച്ചിട്ടും തൻ്റെ വാഗ്ദാനങ്ങളൊന്നും പാലിക്കാത്ത കോൺഗ്രസ് എംപി നൽകിയിരുന്ന വാഗ്ദാനങ്ങൾ ഒന്നോർക്കുക. ബാഴ്‌സലോണ, ഹൈക്കോടതി ബെഞ്ച് അങ്ങനെയങ്ങനെ ആ പട്ടിക നാണക്കേടുണ്ടാക്കുംവിധം നീണ്ടതാണ്. എന്നിട്ടിപ്പോൾ എയിംസ് കോഴിക്കോടിന് പോയെന്ന് വല്ലാത്തതൊരാശ്വാസം പോലെയാണ് അദ്ദേഹം പറയുന്നത് എന്ന് രാജീവ് ചന്ദ്രശേഖർ
എക്‌സിൽ കുറിച്ചു. അതേസമയം, തലസ്‌ഥാനത്തെ പ്രതിനിധീകരിച്ച് പോരാടുന്നതിന് ഒരു ബി.ജെ.പി എം.പി ഉണ്ടായിരുന്നെങ്കിൽ ഇത് സംഭവിക്കുമായിരുന്നില്ല. ഇത്തരം വ്യാജ പ്രസ്താവനകൾ നടത്തി കൈയും കെട്ടിയിരിക്കുന്നവരേക്കാൾ കൂടുതൽ കാര്യങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപിയും താനും അടുത്ത അഞ്ചു വർഷങ്ങളിൽ തിരുവന്തപുരത്തെ എല്ലാ ജനങ്ങൾക്കും വേണ്ടി ചെയ്യുമെന്നുറപ്പാണെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
ഒരു എംപിക്കും തനിക്കിഷ്ടമുള്ളിടത്ത് എയിംസ് വരുമെന്നുറപ്പ് നൽകാൻ കഴിയില്ലെന്നും അതിനു സംസ്‌ഥാനവും കേന്ദ്രവും തീരുമാനിക്കണം. നിലവിൽ എയിംസ് കോഴിക്കോട് കിനാലൂരിൽ സ്‌ഥാപിതമാവുമെന്ന് കേന്ദ്രം ഉറപ്പു നൽകിയതായി സംസ്‌ഥാന ആരോഗ്യ മന്ത്രി വീണ ജോർജ് കഴിഞ്ഞ ദിവസം നിയമസഭയെ അറിയിച്ചിട്ടുണ്ടെന്നും കാട്ടി ശശി തരൂർ എക്‌സിൽ ചെയ്ത പ്രസ്താവനക്ക് മറുപടി പറയുകയായിരുന്നു രാജീവ് ചന്ദ്രശേഖർ.

