Monday, December 22, 2025

ഇതിൽ എവിടെയാണ് പൊതു താത്പര്യം ? മോദിയുടെയും സ്മൃതി ഇറാനിയുടെയും വിദ്യാഭ്യാസ വിവരങ്ങൾ വെളിപ്പെടുത്തേണ്ടതില്ലെന്ന് ദില്ലി ഹൈക്കോടതി; വിവരാവകാശ നിയമം കോലാഹലങ്ങള്‍ക്ക് വക നല്‍കാനുള്ളതല്ലെന്നും നിരീക്ഷണം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെയും വിദ്യാഭ്യാസ വിവരങ്ങൾ വെളിപ്പെടുത്തേണ്ടതില്ലെന്ന് ദില്ലി ഹൈക്കോടതി. ഒരു വ്യക്തിയുടെ മാർക്ക് ഷീറ്റുകൾ, ബിരുദ സർട്ടിഫിക്കറ്റുകൾ, മറ്റ് അക്കാദമിക് രേഖകൾ എന്നിവ വ്യക്തിഗത വിവരങ്ങളാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഉത്തരവ്. ഇത് വിവരാവകാശ (ആർ.ടി.ഐ) നിയമപ്രകാരം വെളിപ്പെടുത്താൻ കഴിയില്ലെന്ന് ജസ്റ്റിസ് സച്ചിൻ ദത്ത വിധിയിൽ വ്യക്തമാക്കി.അതേസമയം ഒരു പൊതു പദവിയിലോ ഏതെങ്കിലും തസ്തികയിലോ ഇരിക്കുന്നതിന് പ്രത്യേക വിദ്യാഭ്യാസ യോഗ്യത മാനദണ്ഡമാണെങ്കില്‍ അത് മറ്റൊരു കാര്യമായിരിക്കുമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രിയുടെ ബിരുദ വിവരങ്ങളും സ്മൃതി ഇറാനി പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ പാസായോ എന്ന വിവരങ്ങളും നൽകണമെന്ന വിവരാവകാശ കമ്മിഷൻ്റെ ഉത്തരവുകൾ റദ്ദാക്കിക്കൊണ്ടാണ് കോടതിയുടെ ഈ സുപ്രധാന നിരീക്ഷണം. ഒരു വ്യക്തി പൊതുപദവി വഹിക്കുന്നുണ്ടെങ്കിൽ പോലും ഈ വിവരങ്ങൾ വ്യക്തിഗതമായി തന്നെ പരിഗണിക്കണമെന്നും കോടതി കൂട്ടിച്ചേർത്തു.

വിദ്യാഭ്യാസ താത്പര്യങ്ങള്‍ ആവശ്യപ്പെടുന്നതിന് പിന്നില്‍ കോലാഹലങ്ങള്‍ സൃഷ്ടിക്കുക എന്ന താത്പര്യമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ‘സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളില്‍ സുതാര്യത ഉറപ്പാക്കാനാണ് വിവരാവകാശ നിയമം നടപ്പിലാക്കിയത്, അല്ലാതെ കോലാഹലങ്ങള്‍ക്ക് വക നല്‍കാനല്ല’ കോടതി വ്യക്തമാക്കി. വിദ്യാർത്ഥികളുടെ അക്കാദമിക് രേഖകൾ കൈകാര്യം ചെയ്യുമ്പോൾ വിശ്വാസ്യതയും രഹസ്യസ്വഭാവവും കാത്തുസൂക്ഷിക്കേണ്ടത് അത്യാവശ്യമാണെന്ന് കോടതി ഊന്നിപ്പറഞ്ഞു.

Related Articles

Latest Articles