ബെംഗളൂരു: പോലീസിനെ കണ്ട് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ചീട്ടുകളി സംഘം കയറിയ ചങ്ങാടം മുങ്ങി 6 പേർ മുങ്ങിമരിച്ചു. കർണ്ണാടകയിലെ വിജയപുര ജില്ലയിലെ കോൽഹാർ താലൂക്കിൽ കൃഷ്ണ നദിക്കരയിൽ ചൂതാട്ടം നടത്തുകയായിരുന്ന 8 പേരടങ്ങുന്ന സംഘം പോലീസ് വരുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ചങ്ങാടത്തിൽ പുഴ കടക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ നദി മുറിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടെയുണ്ടായ ശക്തമായ കാറ്റിൽ ചങ്ങാടം മറിയുകയായിരുന്നു. രണ്ട് പേർ കരയ്‌ക്കടിഞ്ഞതായും ബാക്കിയുള്ള 6 പേർ മരിച്ചതായും പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇവരിൽ രണ്ടുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
നദിക്കരയിൽ നിരന്തരം ചീട്ടുകളി വ്യാപകമായിരുന്നെനും അതിനെത്തുടർന്ന് ഗ്രാമവാസികൾ പോലീസിനെ അറിയിക്കുകയും റെയ്ഡ് ചെയ്യാൻ അഭ്യർത്ഥിക്കുകയും ചെയ്തതായി പറയുന്നു. ഗ്രാമവാസികളുടെ അഭ്യർഥന മാനിച്ച് പോലീസ് റെയ്ഡ് ചെയ്യാൻ ഗ്രാമത്തിലെത്തുകയായിരുന്നു.
എന്നാൽ പോലീസ് വരുന്നുണ്ടെന്ന സൂചന ലഭിച്ചയുടൻ 8 പേരും ഒറ്റ ചങ്ങാടത്തിൽ നദി മുറിച്ചുകടന്ന് അക്കരക്ക് രക്ഷപെടാൻ ശ്രമിച്ചു. പുഴയുടെ മധ്യഭാഗത്ത് എത്തിയതോടെ കാറ്റ് വർദ്ധിക്കുകയായിരുന്നു. തുടർന്ന് ചങ്ങാടം ചരിഞ്ഞ് മറിയുകയായിരുന്നു. ഇതോടെ എല്ലാവരും വെള്ളത്തിൽ വീണു. ഇവരിൽ രണ്ടുപേർ നീന്തി കരയിലെത്തി. എന്നാൽ ബാക്കിയുള്ള ആറുപേരും കൃഷ്ണാനദിയിൽ മുങ്ങി മരിച്ചതായാണ് വിവരം.

