ജനീവ: കൊവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിനും തുടര്‍ച്ചയായി നൽകി വരുന്ന പിന്തുണയ്ക്ക് ഇന്ത്യക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നന്ദി അറിയിച്ച് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മോദിയുമായി നടത്തിയ ടെലിഫോൺ ചർച്ചയ്ക്ക് ശേഷം തന്റെ ട്വിറ്ററിലൂടെയാണ് ടെഡ്രോസ് മോദിക്ക് നന്ദി പറഞ്ഞത്.
‘നന്ദി ഇന്ത്യ, പ്രധാനമന്ത്രി നരേന്ദ്ര മോദി, കോവിഡിനെതിരായ ആഗോള പോരാട്ടത്തിനുളള നിങ്ങളുടെ തുടര്‍ച്ചയായ പിന്തുണയ്ക്ക്. ഒന്നിച്ചുനിന്ന് അറിവുകള്‍ പങ്കുവെക്കുകയാണെങ്കില്‍ മാത്രമേ ഈ വൈറസിനെ നമുക്ക് തടുക്കാനാവൂ. ജീവിതവും ജീവനുകളും രക്ഷിക്കാനാവൂ.’ ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ് ട്വീറ്റ് ചെയ്തു.
കൊവിഡ് പകർച്ചവ്യാധി തടയുന്നതിനായി ആഗോളതല പരിപാടികൾ ഏകോപിപ്പിക്കുന്നതിൽ ലോകാരോഗ്യ സംഘടന വഹിച്ച പങ്കിനെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു. നേരത്തെ വാക്സിൻ നൽകിയ ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ബ്രസീൽ രംഗത്തുവന്നിരുന്നു. കൊവിഡിനെ തുരത്താൻ മൃതസഞ്ജീവനി നൽകിയതായാണ് ബ്രസീൽ രംഗത്തുവന്നിരിക്കുന്നത്.

