തെലങ്കാന : ഇൻഡി സഖ്യത്തിന് പ്രധാനമന്ത്രിയായി ചൂണ്ടിക്കാണിക്കാൻ ഒരു മുഖമില്ലെന്ന് പരിഹസിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാൻ ആർക്കെങ്കിലും കഴിയുമെങ്കിൽ അത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കോൺഗ്രസ് ഭരിക്കുന്ന തെലങ്കാനയിലെ വികാരാബാദിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇൻഡി സഖ്യത്തിന് ഒരു പ്രധാനമന്ത്രി സ്ഥാനാർത്ഥി ഇല്ല. അവർക്ക് പ്രധാനമന്ത്രി മോദിക്ക് പകരമായി ആരെയും അവതരിപ്പിക്കാൻ പോലും കഴിയില്ല. അവരുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയുടെ പേര് പറയാൻ ഒരു റിപ്പോർട്ടർ പറഞ്ഞപ്പോൾ അവരുടെ നേതാക്കൾ മാറിമാറി രാജ്യത്തെ ഏറ്റവും ശക്തമായ പദവി വഹിക്കുമെന്നായിരുന്നു നൽകിയ ഉത്തരമെന്നും അമിത് ഷാ പറയുന്നു. കൂടാതെ ചില ചോദ്യങ്ങളും ഇൻഡി സഖ്യത്തിനോട് അമിത് ഷാ ചോദിക്കുന്നുണ്ട്. കോവിഡ് -19 പോലുള്ള മറ്റൊരു മഹാമാരിയിൽ നിന്ന് രക്ഷിക്കാൻ കഴിവുള്ള അവരുടെ നേതാവ് ആരായിരിക്കും ? ജി 20 ഉച്ചകോടിയിൽ രാജ്യത്തെ നയിക്കുന്നത് ആരാണ് എന്നും അമിത് ഷാ ചോദിക്കുന്നു. അതിനാൽ ഈ രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാൻ കഴിയുന്ന ആരെങ്കിലും ഉണ്ടെങ്കിൽ അത് നരേന്ദ്ര മോദിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

