Tuesday, December 16, 2025

ഹമാസിനെ തീർക്കാനുള്ള കൊട്ടേഷൻ ഏറ്റെടുത്തവരോ? ആരാണ് ഗാസയിൽ പോരാട്ടം തുടരുന്ന ദോഗ്മുഷ് ക്ലാൻ ?

ഇസ്രായേൽ വ്യോമാക്രമണങ്ങൾ നിലയ്ക്കുകയും, ഇസ്രായേലും ഹമാസും തമ്മിലുള്ള തടവുകാരുടെ കൈമാറ്റം പുരോഗമിക്കുകയും ചെയ്യുമ്പോഴും, ഗാസയിൽ ഹമാസും പ്രാദേശിക സായുധ സംഘങ്ങളും തമ്മിൽ സംഘർഷങ്ങൾ ഉടലെടുക്കുന്നുവെന്ന വാർത്ത ഏറെ ഞെട്ടലുണ്ടാക്കിയിരുന്നു. വാർത്താ തലക്കെട്ടുകൾക്ക് പിന്നിൽ മറഞ്ഞിരിക്കുന്ന ഈ ആഭ്യന്തര സംഘർഷങ്ങൾ ഗാസയിൽ പുതിയ അസ്ഥിരത സൃഷ്ടിക്കുകയാണ്. ഗാസ സിറ്റിയിൽ ദോഗ്മുഷ് ഗോത്രവിഭാഗവും ഹമാസിന്റെ സുരക്ഷാ സേനയും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ 27 പേർ കൊല്ലപ്പെട്ടതായി ഗാസയിലെ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. കൊല്ലപ്പെട്ടവരിൽ എട്ട് ഹമാസ് അംഗങ്ങളും ഉൾപ്പെടുന്നു.

ഏറ്റുമുട്ടൽ റിപ്പോർട്ട് ചെയ്യാൻ പോയ പലസ്തീൻ മാദ്ധ്യമപ്രവർത്തകനായ സാലെഹ് അൽജഫറാവിയും കൊല്ലപ്പെട്ടിരുന്നു. ഗാസ സിറ്റിയിലെ സബ്ര (Sabra) മേഖലയിലെ ഏറ്റുമുട്ടൽ റിപ്പോർട്ട് ചെയ്യുകയായിരുന്നു ഇയാൾ.

ആരാണ് ഹമാസുമായി ഏറ്റുമുട്ടുന്ന ദോഗ്മുഷ് ഗോത്രം? ഗാസ മുനമ്പിലെ അതിസങ്കീർണ്ണമായ രാഷ്ട്രീയ ഭൂമികയിൽ നിർണ്ണായകമായ സ്വാധീനമുള്ള ഒരു പ്രബല ശക്തിയാണ് ദോഗ്മുഷ് ഗോത്രം . മറ്റ് പലസ്തീൻ വിഭാഗങ്ങളെപ്പോലെ ചിട്ടയായ രാഷ്ട്രീയ ലക്ഷ്യങ്ങളുള്ള ഒരു സംഘടന എന്നതിലുപരി, സ്വന്തമായി സായുധ ശേഷിയും ഗണ്യമായ പ്രാദേശിക സ്വാധീനവുമുള്ള ഒരു വലിയ ഗോത്രസമൂഹമാണിത്. ഗാസ സിറ്റിയുടെ ചില പ്രദേശങ്ങളിൽ ഇവരുടെ വേരുകൾ ആഴത്തിൽ പതിഞ്ഞിരിക്കുന്നു.

ദോഗ്മുഷ് ക്ലാനിന്റെ ചരിത്രം പരിശോധിക്കുമ്പോൾ, പലസ്തീൻ രാഷ്ട്രീയത്തിലെ വിവിധ ധ്രുവങ്ങളുമായി അവർ ബന്ധം പുലർത്തിയിരുന്നതായി കാണാം. പലസ്തീൻ അതോറിറ്റിയുടെ പ്രധാന കക്ഷിയായ ഫതഹ് മുതൽ ഹമാസ് വരെ പല സംഘടനകളിലും ഇവരുടെ അംഗങ്ങൾ പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ, ഈ ക്ലാനിനെ അന്താരാഷ്ട്ര ശ്രദ്ധയിലേക്ക് കൊണ്ടുവന്നത്, ഭീകരവാദ പ്രവർത്തനങ്ങളിലൂടെയാണ്. ബ്രിട്ടീഷ് മാദ്ധ്യമപ്രവർത്തകനായ അലൻ ജോൺസ്റ്റണെ 2007-ൽ തട്ടിക്കൊണ്ടുപോയ ജയ്ഷ് അൽ-ഇസ്ലാം (Army of Islam) എന്ന തീവ്രവാദ ഗ്രൂപ്പിന് നേതൃത്വം നൽകിയത് ദോഗ്മുഷ് ഗോത്രത്തിലെ പ്രധാനികളായിരുന്നു. കള്ളക്കടത്ത്, ആയുധക്കച്ചവടം, കൊള്ള തുടങ്ങിയ ക്രിമിനൽ പ്രവർത്തനങ്ങളുമായി ബന്ധമുള്ളതിനാലാണ് ഇവർ ചിലപ്പോഴൊക്കെ ‘ഗാസയിലെ സോപ്രാനോസ്’ അല്ലെങ്കിൽ മാഫിയ എന്ന് വിളിക്കുന്നത്.

ഇസ്രായേലുമായി നടന്ന യുദ്ധത്തിൻ്റെ പശ്ചാത്തലത്തിലും അല്ലാതെയും ഹമാസും ദോഗ്മുഷ് ഗോത്രവും നിരന്തരം ഏറ്റുമുട്ടുന്നതിൻ്റെ പ്രധാന കാരണം, ഗാസയിലെ അധികാരത്തിനായുള്ള പോരാട്ടമാണ്. 2007-ൽ ഗാസയുടെ നിയന്ത്രണം ഹമാസ് പൂർണ്ണമായി ഏറ്റെടുത്തതോടെയാണ് ഈ വൈരം മൂർച്ഛിച്ചത്. ഒരു പരമ്പരാഗത ഭരണകൂടത്തെപ്പോലെ നിയമപരമായ സംവിധാനങ്ങളിലൂടെ ഭരണം നടത്താൻ ശ്രമിച്ച ഹമാസിന്, തങ്ങളുടെ അധികാരത്തെയും നിയന്ത്രണത്തെയും ചോദ്യം ചെയ്യാൻ കഴിവുള്ള സായുധരായ ക്ലാനുകൾ ഒരു വലിയ വെല്ലുവിളിയായിരുന്നു. ദോഗ്മുഷ് ക്ലാൻ സ്വന്തമായി ആയുധശേഷി നിലനിർത്തുകയും, ഹമാസിൻ്റെ നിയമങ്ങളെയും തീരുമാനങ്ങളെയും ചോദ്യം ചെയ്യുകയും ചെയ്തു.

മറ്റൊരു പ്രധാന കാരണം ഇസ്രായേലിന്റെ സഹായകർ’ എന്ന ആരോപണമാണ്. ഹമാസിൻ്റെ അധികാരം ദുർബലമായ സാഹചര്യത്തിൽ, ദോഗ്മുഷിൻ്റെ ചില അംഗങ്ങൾ ഇസ്രായേലുമായി സഹകരിച്ചുകൊണ്ട് പ്രാദേശികമായി സ്വാധീനം നേടാൻ ശ്രമിക്കുന്നു എന്ന് ഹമാസ് ആരോപിക്കുന്നു. പ്രത്യേകിച്ചും, ഗാസയിലെ മനുഷ്യാവകാശ സഹായ വിതരണം പോലുള്ള വിഷയങ്ങളിൽ ക്ലാനുകൾക്ക് പ്രാദേശിക പങ്കാളിത്തം നൽകാൻ ഇസ്രായേൽ ശ്രമിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഹമാസിനെ സംബന്ധിച്ചിടത്തോളം, ഇസ്രായേലുമായി സഹകരിക്കുന്ന ആരെയും രാജ്യദ്രോഹികളായി കണക്കാക്കുകയും അവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നത് തങ്ങളുടെ ആഭ്യന്തര സുരക്ഷ നിലനിർത്താൻ അനിവാര്യമാണ്. ഈ ആരോപണങ്ങളുടെ പേരിൽ ദോഗ്മുഷ് ഗോത്രത്തിലെ നേതാക്കളെ ഹമാസ് വധശിക്ഷയ്ക്ക് വിധേയരാക്കിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

ഗാസയിൽ ഏതു വിധേനെയും അധികാരം തിരികെ പിടിക്കാൻ ശ്രമിച്ച ഹമാസ്, ക്ലാനുകളുടെ കള്ളക്കടത്തും മറ്റ് ക്രിമിനൽ പ്രവർത്തനങ്ങളും നിയന്ത്രിക്കാൻ ശ്രമിച്ചു. ഇത് പരമ്പരാഗതമായി സായുധ ശക്തിയും ക്രിമിനൽ ബന്ധങ്ങളും ഉപയോഗിച്ച് സ്വാധീനം നിലനിർത്തിയിരുന്ന ദോഗ്മുഷ് ക്ലാനുമായുള്ള ഏറ്റുമുട്ടലുകൾക്ക് വഴി തുറന്നു.

ചുരുക്കത്തിൽ, ഹമാസും ദോഗ്മുഷ് ഗോത്രവും തമ്മിലുള്ള ഏറ്റുമുട്ടൽ കേവലം രാഷ്ട്രീയപരമായ ഒരു പോരാട്ടമല്ല. മറിച്ച്, ഗാസയിലെ യഥാർത്ഥ അധികാരം ആർക്ക് എന്നതിനെച്ചൊല്ലിയുള്ള ഭരണപരമായ തർക്കം, ഹമാസിൻ്റെ അധികാരം തകർക്കാൻ ശ്രമിക്കുന്നവർക്ക് എതിരെയുള്ള സുരക്ഷാ നടപടികൾ, കൂടാതെ പരമ്പരാഗത ഗോത്ര ശക്തിയും ആധുനിക രാഷ്ട്രീയ ഭരണകൂടവും തമ്മിലുള്ള സംഘർഷം എന്നിവയെല്ലാം ഇതിന് പിന്നിലുണ്ട്. ഇസ്രായേലുമായി യുദ്ധം നടക്കുമ്പോഴും, ഗാസയുടെ ആഭ്യന്തര സ്ഥിരതയെ തകർക്കാൻ കഴിവുള്ള ഈ വൈരം ഹമാസിൻ്റെ ഭരണത്തിന് വലിയ തലവേദന സൃഷ്ടിക്കുന്നു.

Related Articles

Latest Articles