തിരുവനന്തപുരം: ഡിജിപി പദവിയിലേക്കു പരിഗണിക്കേണ്ട 3 പേരുടെ പട്ടിക യുപിഎസി സമിതി കൈമാറിയതോടെ പുതിയ ഡിജിപിയെ സംബന്ധിച്ച ചർച്ചകൾ സജീവമാകുന്നു. വിജിലൻസ് ഡയറക്ടർ സുദേഷ് കുമാർ, റോഡ് സുരക്ഷാ കമ്മിഷണറായ എഡിജിപി അനിൽകാന്ത്, അഗ്നിശമനസേനാ മേധാവി ബി.സന്ധ്യ തുടങ്ങിയവരാണ് നിലവിൽ പട്ടികയിലുള്ളത്. ഇപ്പോഴത്തെ ഡിജിപി ലോക്നാഥ് ബഹ്റ ഈ മാസം 30ന് വിരമിക്കും.
അനിൽകാന്തിനാണ് കൂടുതൽ സാധ്യത പറയുന്നുണ്ട്. വനിതാ പൊലീസ് മേധാവി വരട്ടെയെന്നു സർക്കാർ തീരുമാനമെടുത്താൽ ബി സന്ധ്യ അധികാരത്തിലെത്തും. അതു ചരിത്രമാകും. സംസ്ഥാനത്ത് ഇതുവരെ ക്രമസമാധാന ചുമതലയുള്ള ഡിജിപി പദവിയിലേക്കു വനിത എത്തിയിട്ടില്ല ശ്രീലേഖ ഡിജിപി പദവിയിലെത്തിയെങ്കിലും ലഭിച്ചത് അഗ്നിശമനസേനയുടെ മേധാവി സ്ഥാനമാണ്. മകൾ പൊലീസുകാരനെ മർദിച്ചതും ഇതര സംസ്ഥാനത്ത് ജോലി ചെയ്യവേ ചില കേസുകളിൽ ഉൾപ്പെട്ടതുമാണ് സുദേഷ് കുമാറിന്റെ സാധ്യതകളെ കുറയ്ക്കുന്നത്.
ഡിജിപി പദവിയിലേക്കു പരിഗണിക്കാൻ സംസ്ഥാനം നൽകിയ 9 പേരുടെ പട്ടികയിൽ ഒന്നാമനായ സ്പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് തലവൻ അരുൺ കുമാർ സിൻഹ തന്നെ പരിഗണിക്കേണ്ടെന്നു സമിതിയെ അറിയിച്ചിരുന്നു. ഇതോടെ രണ്ടാം സ്ഥാനം തച്ചങ്കരിക്കായെങ്കിലും സംസ്ഥാന പൊലീസ് മേധാവിയെ തിരഞ്ഞെടുക്കാനുള്ള 3 പേരുടെ പട്ടികയിൽ നിന്നു ഡിജിപി ടോമിൻ തച്ചങ്കരിയെ യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ സമിതി ഒഴിവാക്കി. സ്വന്തം പേരിലെ ആരോപണങ്ങൾ അദ്ദേഹത്തിന് തിരിച്ചടിയായി. അവിഹിത സ്വത്ത് സമ്പാദനക്കേസ്, വിദേശയാത്രാ വിവാദം തുടങ്ങിയ കാര്യങ്ങൾ സമിതി പരിഗണിച്ചു വിദേശയാത്രാ വിവാദം ഗൗരവമേറിയതാണെന്നു സമിതി വിലയിരുത്തി.
.മുഖ്യമന്ത്രിയുമായും പാർട്ടിയുമായുമുള്ള അടുപ്പവും തിരിച്ചടിയായി. ഡിജിപി ലോക്നാഥ് ബെഹ്റയും തച്ചങ്കരിക്ക് എതിരായ നിലപാട് യോഗത്തിൽ സ്വീകരിച്ചു. നിലവിൽ മനുഷ്യാവകാശ കമ്മിഷനിൽ ഇൻവെസ്റ്റിഗേഷൻ ഡിജിപിയാണ് തച്ചങ്കരി.
കേരളത്തിൽനിന്ന് ഡിജിപിയും ചീഫ് സെക്രട്ടറിയുമാണ് സമിതിയിൽ ഉണ്ടായിരുന്നത്. യുപിഎസി അംഗം, സിആർപിഎഫ് ഡയറക്ടർ, ആഭ്യന്തര മന്ത്രാലത്തിലെ സ്പെഷൽ സെക്രട്ടറി എന്നിവരാണ് സമിതിയിലെ മറ്റു അംഗങ്ങൾ. സുപ്രീംകോടതിയുടെ നിർദേശപ്രകാരമാണ് ഡിജിപി പദവിയിലേക്കു പരിഗണിക്കേണ്ട 3 പേരുടെ പട്ടിക സമർപ്പിക്കാൻ സമിതിയെ നിയോഗിച്ചത്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

