ന്യൂയോര്‍ക്ക്: വരാനിരിക്കുന്ന യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാർത്ഥിയായി വൈസ് പ്രസിഡന്റും ഇന്തോ-ആഫ്രിക്കന്‍ വംശജയുമായ കമല ഹാരിസ് തെരഞ്ഞെടുക്കപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്നും ജോ ബൈഡൻ പിന്മാറിയതോടെ കമലയാണ് സ്ഥാനാര്‍ത്ഥിയെന്ന് ഉറപ്പിച്ചിരുന്നെങ്കിലും ഔദ്യോഗികമായി ഇന്നലെയാണ് ഇത് വ്യക്തമായത്. പാര്‍ട്ടിയില്‍ നടത്തിയ ഡെലിഗേറ്റ് വോട്ടെടുപ്പില്‍ മതിയായ വോട്ടുകള്‍ സമാഹരിക്കാന്‍ കഴിഞ്ഞതോടെയാണ് ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്.
ഇതോടെ കമല ഹാരിസ് വൈസ് പ്രസിഡന്റായി ആരെ തിരഞ്ഞെടുക്കുമെന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി കമല ഹാരിസ് തന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ നാളെ പ്രഖ്യാപിക്കാനാണ് സാധ്യത. ആറ് പേരാണ് നിലവില്‍ സാധ്യതാ പട്ടികയില്‍ ഉള്ളത്. പെന്‍സില്‍വേനിയ ഗവര്‍ണര്‍ ജോഷ് ഷപ്പീറോ, അരിസോണ സെനറ്ററും, മുന്‍ നാസ ബഹിരാകാശ യാത്രികനുമായ മാര്‍ക്ക് കെല്ലി, ഇല്ലിനോയ് ഗവര്‍ണര്‍ ജെ.ബി. പ്രിറ്റ്‌സ്‌കര്‍, ബൈഡന്‍ ക്യാബിനറ്റ് അംഗം പീറ്റ് ബൂട്ടജിജ്, മിനസോട്ട ഗവര്‍ണര്‍ ടിം വാല്‍സ്, കെന്റക്കി ഗവര്‍ണര്‍ ആന്‍ഡി ബഷീര്‍ തുടങ്ങിയവരുമായി കമല ഹാരിസിന്റെ കൂടിക്കാഴ്ചകള്‍ ഇന്ന് പൂര്‍ത്തിയാകും.
ഇവരില്‍ ജോഷ് ഷപ്പീറോ, മാര്‍ക്ക് കെല്ലി എന്നിവരില്‍ ഒരാള്‍ക്കാണ് സാധ്യത കല്‍പ്പിക്കുന്നത്. ചൊവ്വാഴ്ച്ചയോടെ കമല ഹാരിസ് പുതിയ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായി തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിക്കും. നവംബര്‍ അഞ്ചിന് നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ 59കാരിയായ കമല ഹാരിസ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയും മുന്‍ യു.എസ് പ്രസിഡന്റുമായ ഡോണള്‍ഡ് ട്രംപിനെ നേരിടും.

