ദില്ലിയിൽ പൊട്ടിത്തെറിച്ച ഡോക്ടർ ഉമർ മുഹമ്മദ്, ജമ്മു കശ്മീരിലെ അനന്തനാഗ് സർക്കാർ മെഡിക്കൽ കോളേജിൽ ജോലി ചെയ്തിരുന്ന സമയത്ത് രോഗികളോട് തന്റെ മതതീവ്രനിലപാടുകൾ വെളിപ്പെടുത്തുന്ന രീതിയിൽ പെരുമാറിയിരുന്നുവെന്ന് റിപ്പോർട്ട്.
ആശുപത്രിയിൽ ഉമർ മുഹമ്മദിനോടൊപ്പം ജോലി ചെയ്തിരുന്നവർ നൽകുന്ന വിവരമനുസരിച്ച്, ഹിജാബ് ധരിക്കാത്തതിൻ്റെ പേരിൽ ഇയാൾ പലപ്പോഴും സ്ത്രീകളെ ചോദ്യം ചെയ്തിരുന്നു. “നിങ്ങൾ എന്തുകൊണ്ടാണ് ഹിജാബ് ധരിക്കാത്തത്? എന്തുകൊണ്ടാണ് നിങ്ങളുടെ തല ശരിയായ രീതിയിൽ മൂടാത്തത്?” എന്ന തരത്തിലുള്ള ചോദ്യങ്ങൾ ഇയാൾ വനിതാ രോഗികളോട് ചോദിച്ചിരുന്നതായിഒരു ആശുപത്രി ജീവനക്കാരൻ വെളിപ്പെടുത്തി. ഇതിന് പുറമെ “നിങ്ങൾ എത്ര തവണ നമസ്കരിക്കുന്നുണ്ട്?” എന്ന തരത്തിലുള്ള ചോദ്യങ്ങളും ഉമർ പതിവായി ചോദിക്കുമായിരുന്നു. താൻ ശരിയാണെന്ന് വിശ്വസിച്ചിരുന്ന കാര്യങ്ങളിൽ നിന്നുള്ള ഏതൊരു വ്യതിയാനത്തെയും ഇയാൾ ശത്രുതാപരമായി കണ്ടിരുന്നു എന്നും ജീവനക്കാർ പറയുന്നു.
വിശ്വാസ കാര്യങ്ങളിൽ വളരെ കർക്കശമായ സമീപനം പുലർത്തിയിരുന്ന ഒരാളായിട്ടാണ് ജീവനക്കാർക്ക് ഉമറിനെ അറിയാവുന്നത്. മറ്റ് വിശ്വാസങ്ങളെക്കാൾ ഇസ്ലാമിക ആധിപത്യം എന്തുവിലകൊടുത്തും പ്രോത്സാഹിപ്പിക്കാൻ ആഗ്രഹിച്ചിരുന്ന, തീവ്ര ചിന്താഗതിക്ക് അടിമപ്പെട്ട വ്യക്തിയായിരുന്നു ഉമറെന്ന് ചിലർ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. ക്ലാസുകളിൽ പോലും ആൺകുട്ടികളെയും പെൺകുട്ടികളെയും വേർതിരിച്ച് ഇരുത്തണമെന്ന് ഇയാൾ ആവശ്യപ്പെട്ടിരുന്നു.
ഇയാളുടെ അതിരുകടന്ന ചോദ്യങ്ങളെക്കുറിച്ച് ചില രോഗികൾ ആശങ്കകൾ ഉന്നയിക്കുകയും തുടർന്ന് ജി.എം.സി. അനന്തനാഗിൽ പരാതി നൽകുകയും ചെയ്തു. ഇതിനെത്തുടർന്ന് ആശുപത്രി അധികൃതർ ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. അവിടെ നിന്നാണ് നബി ഫരീദാബാദിലെ അൽ-ഫലാഹ് യൂണിവേഴ്‌സിറ്റിയിൽ അസിസ്റ്റൻ്റ് പ്രൊഫസറായി പ്രവേശിച്ചതും ഒടുവിൽ ചാവേറായി പൊട്ടിത്തെറിക്കുന്നതും.
നവംബർ 10-ന് നടന്ന ചാവേർ ബോംബ് ആക്രമണത്തിന് ഒരാഴ്ചയ്ക്ക് ശേഷം, ഉമർ ഭീകരവാദ പ്രചാരണം നടത്തുന്ന ഒരു വീഡിയോ പുറത്തുവന്നു. ഈ മാസം ആദ്യം ജമ്മു കശ്മീരിലെ പുൽവാമയിലുള്ള വീട്ടിൽ വെച്ച് നബി തൻ്റെ സഹോദരന് കൈമാറിയ ഫോണിലാണ് ഈ ക്ലിപ്പ് സൂക്ഷിച്ചിരുന്നത്. ദില്ലിയിലെ ചാന്ദ്‌നി ചൗക്കിലേക്ക് യാത്ര പുറപ്പെടുന്നതിന് മുൻപാണ് ഇയാൾ ഫോൺ സഹോദരന് നൽകിയത്.

