സതാംപ്ടണ്‍: എംഎസ് ധോനിയുടെ വിക്കറ്റ് കീപ്പിങ് ഗ്ലൗസിലെ സൈനിക ചിഹ്നം ഒഴിവാക്കണമെന്ന ഐസിസിയുടെ നിര്‍ദേശത്തിന് പിന്നാലെ ഇന്ത്യന്‍ താരത്തിന് പിന്തുണയുമായി ആരാധകര്‍. #Dhonikeeptheglouse എന്ന ഹാഷ്ടാഗിലൂടെയാണ് ആരാധകര്‍ ധോനിക്കുള്ള പിന്തുണ അറിയിക്കുന്നത്. ഈ ഹാഷ് ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിങ്ങാണ്.
എന്നാല്‍ ഇതിന് പിന്നാലെ ഐസിസി ഈ ചിഹ്നം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബിസിസിഐയെ സമീപിക്കുകയായിരുന്നു. ഐസിസിയുടെ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷന്‍സ് ജനറല്‍ മാനേജര്‍ ക്ലെയര്‍ ഫര്‍ലോങ്ങാണ് ഇക്കാര്യം ആവശ്യപ്പെട്ട് രംഗത്തെത്തിയത്.
ഐസിസി ഇങ്ങനെയൊരു നിര്‍ദേശവുമായി മുന്നോട്ടു പോകുകയാണെങ്കില്‍ ഇന്ത്യ ലോകകപ്പ് ബഹിഷ്‌കരിക്കണം എന്ന തരത്തിലാണ് ആരാധകരുടെ ട്വീറ്റുകള്‍. രാജ്യം നിങ്ങളോടൊപ്പം നില്‍ക്കുന്നുവെന്നും ഇത് ഇന്ത്യയുടെ അഭിമാനമാണെന്നും ഒരിക്കല്‍ അണിഞ്ഞ ആ ഗ്ലൗ ഇനി ഊരേണ്ടതില്ലെന്നും ട്വീറ്റുകളില്‍ ആരാധകര്‍ പറയുന്നു.
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മത്സരത്തിലാണ് എം എസ് ധോനി കരസേനയുടെ ബലിദാന്‍ ചിഹ്നം ആലേഖനം ചെയ്ത ഗ്ലൗസ് ധരിച്ച് കളിക്കാനിറങ്ങിയത്. പാരാ സ്‌പെഷ്യല്‍ ഫോഴ്‌സിന്റെ ചിഹ്നം പതിച്ച ഗ്ലൗസ് മത്സരത്തില്‍ ഫലുക്വായോയെ സ്റ്റംപ് ചെയ്യുന്ന സമയത്ത് വ്യക്തമായി കാണാന്‍ സാധിച്ചിരുന്നു.
ധോനിയുടെ ഗ്ലൗസിന്റെ ചിത്രം സമൂഹമാധ്യമങ്ങള്‍ പ്രത്യക്ഷപ്പെട്ടതോടെ ആരാധകര്‍ അത് ഏറ്റെടുത്തു. ധോനിയുടെ രാഷ്ട്രത്തോടും സൈന്യത്തോടുമുള്ള സ്‌നേഹമാണ് ഇതെന്നാണ് ആരാധകരില്‍ ഒരാള്‍ ട്വിറ്ററില്‍ കുറിച്ചത്. നേരത്തെ 2011ല്‍ ധോനിയെ ലഫ്റ്റനന്റ് കേണല്‍ പദവി നല്‍കി ആദരിച്ചിരുന്നു.
ഐസിസി ടൂര്‍ണമെന്റുകളില്‍ ഉപയോഗിക്കുന്ന വസ്ത്രങ്ങളിലും ഉപകരണങ്ങളിലും മതം, രാഷ്ട്രീയം, വര്‍ഗം തുടങ്ങിയവയുമായി ബന്ധപ്പെട്ട ചിഹ്നങ്ങള്‍ ഒന്നും തന്നെ ഉണ്ടാകരുതെന്ന നിയമമുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ധോനിയുടെ വിക്കറ്റ് കീപ്പിങ് ഗ്ലൗസിലെ സൈനിക ചിഹ്നങ്ങള്‍ ഒഴിവാക്കണമെന്ന് ഐസിസി ആവശ്യപ്പെട്ടിരിക്കുന്നത്.

