കൊൽക്കത്ത : ബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദബോസിൻ്റെ പേരിൽ സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായ തട്ടിപ്പുകൾ നടക്കുന്നതായി രാജ്ഭവൻ. ഗവർണറുടെ പേരിൽ സാമൂഹിക മാദ്ധ്യമങ്ങളിൽ വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കിയും വ്യാജ ഓഫറുകൾ നൽകിയും പണം തട്ടാൻ ശ്രമിക്കുന്നതായി തുടർച്ചയായി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് രാജ്ഭവൻ മുന്നറിയിപ്പുമായി രംഗത്തെത്തിയത്.
പല പേരുകളിലായി തട്ടിപ്പുകാർ ഗവർണറുമായി ബന്ധമുള്ള പലരെയും ഫോണിൽ വിളിച്ചും നേരിട്ടും ബന്ധപ്പെടാൻ ശ്രമിക്കുന്നതായി രാജ്ഭവൻ വക്താവ് അറിയിച്ചു. വ്യാജ വാഗ്ദാനങ്ങൾ നൽകിയും സാമ്പത്തിക ഇടപാടുകൾക്ക് പ്രേരിപ്പിച്ചുമാണ് ഇവർ ആളുകളെ വഞ്ചിക്കാൻ ശ്രമിക്കുന്നത്. ഈ വിഷയത്തിൽ പോലീസിന് പരാതി നൽകിയതിനെത്തുടർന്ന് തട്ടിപ്പുകൾക്ക് ഇടക്കാലത്ത് ശമനമുണ്ടായിരുന്നു. എന്നാൽ, വീണ്ടും സമാനമായ പരാതികൾ ഉയർന്നുവരുന്ന സാഹചര്യത്തിലാണ് പൊതുജനങ്ങൾ ജാഗ്രതപാലിക്കണമെന്ന് രാജ്ഭവൻ വീണ്ടും മുന്നറിയിപ്പ് നൽകിയത്.
ഗവർണറുടെയോ രാജ്ഭവൻ്റെയോ പേരിൽ വ്യാജ അക്കൗണ്ടുകളിലൂടെ ആരെങ്കിലും സാമ്പത്തിക ഇടപാടുകൾക്കോ മറ്റ് ഇടപെടലുകൾക്കോ ശ്രമിക്കുന്ന പക്ഷം അതിന്റെ ആധികാരികത ഉറപ്പാക്കണം. സംശയകരമായ സന്ദേശങ്ങളും ആവശ്യങ്ങളും അതത് സ്ഥലത്തെ പോലീസ് അല്ലെങ്കിൽ സൈബർ സെൽ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തണമെന്നും രാജ്ഭവൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഇത്തരം തട്ടിപ്പുകളിൽ ആരും വഞ്ചിതരാകരുതെന്നും, അത്തരത്തിൽ ആരെങ്കിലും സമീപിച്ചാൽ ഉടൻ തന്നെ പോലീസിൽ റിപ്പോർട്ട് ചെയ്യണമെന്നും രാജ്ഭവൻ ആവശ്യപ്പെട്ടു.

