കുമളി ചക്കുപള്ളത്ത് വന്യമൃഗശല്യം രൂക്ഷം. പുലിപ്പേടിയില്‍ കഴിഞ്ഞിരുന്ന മേഖല നിലവില്‍ കരടിപ്പേടിയിലാണ് കഴിയുന്നത്. വളര്‍ത്തുമൃഗങ്ങളെ കരടി പിടികൂടി അകത്താക്കിയിട്ടും വനപാലകരുടെ ഭാഗത്ത് നിന്ന് നടപടിയില്ലെന്നാണ് നാട്ടുകാരുടെ പരാതി. ചക്കുപള്ളം വലിയപാറ ഭാഗത്താണ് കരടി ശല്യം രൂക്ഷമായിട്ടുള്ളത്. രാവിലെ മുറ്റത്തേക്ക് ഇറങ്ങുമ്പോള്‍ സിറ്റൌട്ടില്‍ കരടിയെ കണ്ടെത്തിയ സംഭവവും ഇവിടെയുണ്ടായി.
ആറാം വാർഡിൽപെട്ട ചാഞ്ഞപ്ലാക്കൽ ജയേഷിന്റെ ഏഴ് മുയലുകളെയാണ് കരടി അകത്താക്കിയത്. പുലിയുടെ കാല്‍പാടും ഈ മേഖലയില്‍ കണ്ടെത്താനായിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളില്‍ വീടുകളുടെ സിറ്റൌട്ടില്‍ കരടി കയറിക്കിടക്കുന്നത് പതിഞ്ഞിട്ടുമുണ്ട്. വീടിന് പുറത്ത് കണ്ട കാല്‍പാട് കരടിയുടേതാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ശല്യം തടയാന്‍ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. മേഖലയില്‍ എത്തുന്ന വന്യമൃഗം ഏതാണെന്ന് കൃത്യമായി തിരിച്ചറിയാന്‍ ക്യാമറപോലും സ്ഥാപിച്ചിട്ടില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
മുയലുകളെ കൊന്നവിവര് പറഞ്ഞപ്പോള്‍ പൂച്ചപ്പുലിയാവുമെന്നാണ് വനപാലകര്‍ പറയുന്നത്. ഇതോടെ സന്ധ്യ മയങ്ങിയാല്‍ നാട്ടുകാര്‍ വീട്ടിന് പുറത്തിറങ്ങാന്‍ ഭയപ്പെടുന്ന സാഹചര്യമാണ് ഉള്ളത്. ക്യാമറ സ്ഥാപിച്ച് ഇത് ഏതു മൃഗമാണെന്നു കണ്ടെത്തണമെന്നും കെണിയൊരുക്കി അതിനെ പിടികൂടണമെന്നുമാണു നാട്ടുകാരുടെ ആവശ്യം.

