തിരുവനന്തപുരം : അനധികൃത സ്വത്ത് സമ്പാദന കേസിൽ സിബിഐ അന്വേഷണം പ്രഖ്യാപിച്ചുള്ള ഹൈക്കോടതി ഉത്തരവിൽ പ്രതികരണവുമായി മുൻ ചീഫ് സെക്രട്ടറിയും കിഫ്ബി സിഇഒയുമായ കെഎം എബ്രഹാം. സിബിഐ അന്വേഷണത്തെ ധൈര്യമായി നേരിടുമെന്നും കിഫ്ബി സിഇഒ സ്ഥാനത്ത് നിന്ന് സ്വയം രാജിവെക്കില്ലെന്നും കെ എം എബ്രഹാം വ്യക്തമാക്കി. കിഫ്ബി ജീവനക്കാര്‍ക്കുള്ള വിഷു ദിന സന്ദേശത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
പരാതിക്കാരനായ ജോമോൻ പുത്തൻപുരക്കലിനെതിരെയും ഗുരുതര ആരോപണമാണ് കെഎം എബ്രഹാം ഉന്നയിച്ചത്. ഹര്‍ജിക്കാരന് തന്നോട് ശത്രുതയാണെന്നും ഹര്‍ജിക്കാരൻ തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നും ധനസെക്രട്ടറിയായിരിക്കെ ഹര്‍ജിക്കാരൻ പിഡബ്ല്യുഡി റസ്റ്റ് ഹൗസ് ദുരുപയോഗം ചെയ്തത് കണ്ടെത്തിയെന്നും ധനവകുപ്പ് സെക്രട്ടറിയായിരിക്കെ താൻ ക്രമക്കേട് കണ്ടെത്തിയ സ്ഥാപനത്തിന്‍റെ മേധാവിയും ഹർജിക്കാരനൊപ്പം ചേർന്നുവെന്നും കെഎം എബ്രഹാം പറഞ്ഞു.
“തനിക്കെതിരെ മാധ്യമങ്ങളോട് സംസാരിക്കുന്ന മുൻ വിജിലന്‍സ് ഡയറക്ടര്‍ നേരത്തെ 20 കോടി തിരിമറി നടത്തിയത് താൻ കണ്ടെത്തിയതാണ്. താൻ കിഫ്ബി സിഇഒ സ്ഥാനം രാജിവെച്ചാൽ ഇവര്‍ക്ക് വിജയം സമ്മാനിക്കുന്ന സ്ഥിതിയുണ്ടാകും. കോടതി വിധി നിര്‍ഭാഗ്യകരമാണ്. വിധി ഹര്‍ജിക്കാരന് അനാവശ്യ വിശ്വാസ്യത നൽക്കുകയാണ്. സ്വത്തിന്‍റെ കാര്യത്തിൽ ഹാജരാക്കിയ രേഖകള്‍ കോടതി പരിശോധിച്ചുയെന്ന് സംശയമുണ്ട്. വസ്തുതകളും രേഖകളും പരിശോധിച്ചിട്ടില്ല. കോടതി അനുമാനങ്ങള്‍ക്ക് പ്രധാന്യം നൽകി ഭാര്യയുടെ അക്കൗണ്ടിലെ മുഴുവൻ രേഖകളും പരിശോധിച്ചില്ല. ഓരോ രൂപക്കും കണക്കുണ്ട്. കൊല്ലത്തെ കെട്ടിടം പണി താനും സഹോദരന്മാരും തമ്മിലുള്ള ധാരണ പത്രം അനുസരിച്ചാണ്.”- കെഎം എബ്രഹാം പറഞ്ഞു.

