ദോഹ: ഏഷ്യൻ ഫുട്ബോളിന്റെ ഏറ്റവും വലിയ ടൂർണമെന്റായ എഎഫ്സി ചാമ്പ്യൻസ് ലീഗിൽ ഇന്ത്യയിലെ ഐഎസ്എൽ ക്ലബായ എഫ്സി ഗോവയും സൗദി പ്രോ ലീഗ് വമ്പന്മാരായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ-നസ്ർ എഫ്സിയും ഒരേ ഗ്രൂപ്പിൽ. ഇന്ന് നടന്ന ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പിലാണ് ഇരു ടീമുകളും ഗ്രൂപ്പ് ഡിയിൽ ഇടംപിടിച്ചത്.
ഈ സീസണിൽ എഫ്സി ഗോവയുടെ ഹോം ഗ്രൗണ്ടായ ഗോവയിലെ ഫറ്റോർഡ സ്റ്റേഡിയത്തിൽ അൽ-നസ്ർ എത്തുമെന്നതിനാൽ, ലോക ഫുട്ബോളിലെ ഇതിഹാസ താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ത്യയിൽ പന്തുതട്ടാനും അദ്ദേഹത്തെ നേരിൽ കാണാൻ ഇന്ത്യൻ ഫുട്ബോൾ പ്രേമികൾക്ക് സുവർണാവസവും ലഭിച്ചേക്കും. എഎഫ്സി ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് ഡിയിൽ അൽ-നസ്റിനും എഫ്സി ഗോവയ്ക്കും പുറമെ ഇറാഖിൽ നിന്നുള്ള അൽ സവാര എഫ്സിയും താജിക്കിസ്ഥാനിൽ നിന്നുള്ള എഫ്സി ഇസ്തിക്ലോലുമാണ് മറ്റ് ടീമുകൾ.
റൊണാൾഡോയുടെ വരവ് സംബന്ധിച്ച് ഒരുപാട് ചർച്ചകൾ നടക്കുന്നുണ്ട്. എവേ മത്സരങ്ങളിൽ കളിക്കുന്നതിൽ നിന്ന് താരത്തിന് കരാർ പ്രകാരം ഇളവ് ലഭിച്ചിട്ടുണ്ടെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ, കഴിഞ്ഞ സീസണിന്റെ അവസാനത്തിൽ അൽ-നസ്റുമായുള്ള കരാർ 2 വർഷത്തേക്ക് കൂടി നീട്ടിയ റൊണാൾഡോ ഗോവയിലേക്ക് വരുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
മെസി കേരളത്തിൽ എത്തുന്നത് സംബന്ധിച്ച വിവാദങ്ങൾക്കിടയിലാണ് ഫുട്ബോൾ ആരാധകരെ ആവേശം കൊള്ളിച്ചുകൊണ്ട് റൊണാൾഡോയുടെ ഇന്ത്യയിലെക്കുള്ള വരവിന് സാധ്യതയേറുന്നത്. ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ചയ്ക്ക് ഈ മത്സരം സഹായകമാകും. അൽ-നസ്റുമായുള്ള പോരാട്ടം എഫ്സി ഗോവയുടെ കളിക്കാർക്കും പരിശീലകർക്കും ഒരു പുതിയ അനുഭവം നൽകും.

