Thursday, December 18, 2025

അയൺ ഡോമിനെ കടത്തിവെട്ടും! ഭീകരാക്രമണങ്ങൾക്ക് ശക്തമായ തിരിച്ചടി; ഒപ്പം തന്ത്രപ്രധാന കേന്ദ്രങ്ങൾക്കും ജനവാസകേന്ദ്രങ്ങൾക്കും സുരക്ഷ ഉറപ്പാക്കും;’സുദർശൻചക്ര മിഷൻ’ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ദില്ലി : 79-ാം സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ നടത്തിയ പ്രസംഗത്തിൽ, രാജ്യത്തിന്റെ പ്രതിരോധ മേഖലയെ ആധുനികവൽക്കരിക്കുന്നതിനുള്ള സുപ്രധാന പദ്ധതിയായ സുദർശൻചക്ര മിഷൻ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പത്തുവര്‍ഷത്തിനുള്ളില്‍ രാജ്യത്തിന്റെ സുരക്ഷാകവചം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രി ‘സുദര്‍ശനചക്ര ദൗത്യം’ ആരംഭിക്കുമെന്ന പ്രഖ്യാപനം നടത്തിയത്.

“2035-ഓടെ രാജ്യത്തിന്റെ സുരക്ഷാകവചം വിപുലീകരിക്കാനും, ശക്തിപ്പെടുത്താനും, പൂർണ്ണമായും ആധുനികവൽക്കരിക്കാനും ഞാൻ ആഗ്രഹിക്കുന്നു. ഭഗവാൻ ശ്രീകൃഷ്ണന്റെ സുദർശന ചക്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് നമ്മൾ ഈ പാത തിരഞ്ഞെടുക്കുന്നത്. ഇന്ത്യ സുദർശന ചക്ര ദൗത്യം ആരംഭിക്കും. ഈ ആധുനിക പ്രതിരോധ സംവിധാനത്തിന്റെ ഗവേഷണവും, വികസനവും, നിർമ്മാണവും പൂർണ്ണമായും ഭാരതത്തിൽ തന്നെയായിരിക്കും. ഇതിനായി നമ്മുടെ യുവജനങ്ങളുടെ കഴിവുകൾ പരമാവധി പ്രയോജനപ്പെടുത്തും,” പ്രധാനമന്ത്രി പറഞ്ഞു.

ഇസ്രയേലിന്റെ ലോകപ്രശസ്ത വ്യോമപ്രതിരോധ സംവിധാനമായ അയൺ ഡോമിന് സമാനമായ ഒരു തദ്ദേശീയ പ്രതിരോധ സംവിധാനം വികസിപ്പിക്കുകയാണ് ഈ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം. 90% വിജയനിരക്ക് അവകാശപ്പെടുന്ന അയൺ ഡോം, റോക്കറ്റ്, മിസൈൽ ആക്രമണങ്ങളെ ഫലപ്രദമായി തടയാൻ ശേഷിയുള്ളതാണ്. സുദർശന ചക്ര മിഷൻ ഒരു സൈനിക പ്രതിരോധ സംവിധാനം എന്നതിനപ്പുറം, ഒന്നിലധികം സുരക്ഷാ തലങ്ങൾ ഉൾക്കൊള്ളുന്ന ഒന്നായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിൽ സൈബർ സുരക്ഷാ ഭീഷണികളെ നേരിടാനുള്ള സംവിധാനങ്ങളും, വിപുലമായ നിരീക്ഷണ ശൃംഖലകളും ഉണ്ടാകും.

നിലവിൽ, റഷ്യയിൽ നിന്ന് വാങ്ങിയ അത്യാധുനിക S-400 വ്യോമപ്രതിരോധ സംവിധാനം ഇന്ത്യയുടെ കൈവശമുണ്ട്. ഇതിന് നേരത്തെ ‘സുദർശന ചക്രം’ എന്ന് പേര് നൽകിയിരുന്നു. എന്നാൽ, പുതിയ മിഷൻ പൂർണ്ണമായും തദ്ദേശീയമായി വികസിപ്പിക്കുന്ന, വിവിധ തലങ്ങളിലുള്ള ഭീഷണികളെ ചെറുക്കാൻ ശേഷിയുള്ള ഒരു പ്രതിരോധ കവചമായിരിക്കും. ഇത് വെറും പ്രതിരോധ സംവിധാനം മാത്രമല്ല, മറിച്ച് ഭീകരാക്രമണങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകാനും തന്ത്രപ്രധാന കേന്ദ്രങ്ങളുടെയും, ജനവാസ കേന്ദ്രങ്ങളുടെയും സുരക്ഷ ഉറപ്പാക്കാനും ലക്ഷ്യമിടുന്നു. തദ്ദേശീയ സാങ്കേതികവിദ്യയിലും പ്രതിരോധ മേഖലയിലും സ്വയംപര്യാപ്തത നേടാനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയാണ് ഈ ദൗത്യത്തിലൂടെ പ്രധാനമന്ത്രി അടിവരയിട്ടുറപ്പിച്ചത്.

Related Articles

Latest Articles