തിരുവനന്തപുരം∙ ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ വിജയിച്ച സുരേഷ് ഗോപിയെ ബിജെപി കേന്ദ്ര നേതൃത്വം ദില്ലിയിലേക്ക് വിളിപ്പിച്ചു. മന്ത്രിസഭാ രൂപീകരണത്തിനു മുന്നോടിയായാണ് സുരേഷ് ഗോപി ദില്ലിയിലെത്തുന്നത്. കേരളത്തിന്റെ വികസനത്തിന് പ്രയോജപ്പെടുന്ന രീതിയിൽ പ്രവർത്തിക്കാൻ അവസരം ഉണ്ടാകണമെന്ന് സുരേഷ് ഗോപി കേന്ദ്ര നേതൃത്വത്തോട് അഭ്യർഥിച്ചിട്ടുണ്ട്. കേരളത്തിൽ സുരേഷ് ഗോപിയിലൂടെയാണ് ആദ്യമായി ബിജെപി ലോക്സഭയിലേക്ക് അക്കൗണ്ട് തുറക്കുന്നത്. തമിഴ്നാട്ടിൽ ബിജെപിക്ക് എംപിമാരില്ല. അതിനാൽ പ്രധാന വകുപ്പ് ലഭിക്കുമെന്ന സൂചനകളുണ്ട്. ദേശീയ നേതൃത്വത്തിന് പ്രിയപ്പെട്ടയാളാണ് സുരേഷ് ഗോപി.
കേരളത്തിൽ അക്കൗണ്ട് തുറന്ന സുരേഷ് ഗോപിയെ ബിജെപിയുടെ പ്രധാന കേന്ദ്ര നേതാക്കൾ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു. സുരേഷ് ഗോപിക്കായി രണ്ടു തവണയാണ് പ്രധാനമന്ത്രി തൃശൂരിലെത്തിയത്. സുരേഷ് ഗോപിയോട് തൃശൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ നിർദേശിച്ചതും ആവശ്യമായ പിന്തുണ നൽകിയതും കേന്ദ്ര നേതൃത്വമാണ്. തിരുവനന്തപുരത്തും ആറ്റിങ്ങലും ആലപ്പുഴയിലും ബിജെപി സ്ഥാനാർത്ഥികൾ മികച്ച പ്രകടനമാണ് നടത്തിയതെന്ന് കേന്ദ്ര നേതൃത്വം വിലയിരുത്തുന്നു.

