ദില്ലി: മൈക്രോസോഫ്റ്റ് വിൻഡോസ് തകരാറിൽ. ലോകമെമ്പാടുമുള്ള വിമാന സർവീസുകളും ബാങ്കുകളുടെ സേവനവും ഉൾപ്പടെ പ്രതിസന്ധിയിൽ.ദില്ലി , മുംബൈ,ബെംഗളൂരു വിമാനത്താവളങ്ങളില്‍ വിവിധ വ്യോമയാന കമ്പനികളുടെ പ്രവര്‍ത്തനങ്ങളും തടസപ്പെട്ടു. പുതിയ ക്രൗഡ് സ്‌ട്രൈക്ക് അപ്‌ഡേറ്റ് ഇന്‍സ്റ്റാള്‍ ചെയ്തതാണ് ലോകവ്യാപകമായി കംപ്യൂട്ടറുകളുടെ പ്രവര്‍ത്തനം തകരാറിലാവാന്‍ കാരണം. ഇന്ത്യയിലുള്‍പ്പെടെ ലോകവ്യാപകമായി കംപ്യൂട്ടറുകള്‍ തകരാറിലായതായാണ് റിപ്പോര്‍ട്ട്.
ഓസ്‌ട്രേലിയയിലും ന്യൂസിലൻഡിലും യു.എസ്സിലും സൂപ്പര്‍മാര്‍ക്കറ്റുകളുടെയും ബാങ്കുകളുടേയും ടെലികമ്മ്യൂണിക്കേഷന്‍, വിമാന കമ്പനികളുടെയും പ്രവര്‍ത്തനം തകരാറിലായി. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈബര്‍ സുരക്ഷാ സ്ഥാപനമാണ് ക്രൗഡ് സ്‌ട്രൈക്ക്. ക്രൗഡ് സ്‌ട്രൈക്കിന്റെ ഫാല്‍ക്കണ്‍ സെന്‍സര്‍ ഇന്‍സ്റ്റാള്‍ ചെയ്ത കംപ്യൂട്ടറുകളാണ് തകരാറിലായത്. തകരാറിലായ കംപ്യൂട്ടറുകളില്‍ ബ്ലൂ സ്‌ക്രീന്‍ ഓഫ് ഡെത്ത് (ബിഎസ്ഒഡി) എറര്‍ മുന്നറിയിപ്പാണ് കാണുന്നത്. തുടര്‍ന്ന് കംപ്യൂട്ടര്‍ ഷട്ട് ഡൗണ്‍ ആയി റീസ്റ്റാര്‍ട്ട് ചെയ്യപ്പെടുന്നു.

