വിജയവാഡ: ആന്ധ്രാ പ്രദേശിൽ ക്ഷേത്രങ്ങൾക്കുനേരെയുള്ള ആക്രമണങ്ങൾ തുടർക്കഥയാകുന്നു. പുരാതനമായ രാമതീർത്ഥ ക്ഷേത്രത്തിലെ ശ്രീരാമ വിഗ്രഹം തകർത്തതിനുപിന്നാലെ കഴിഞ്ഞ ദിവസം വിജയവാഡയിലെ ക്ഷേത്രത്തിലുള്ള സീതാദേവിയുടെ വിഗ്രഹവും അക്രമികൾ തകർത്തു. പണ്ഡിറ്റ് നെഹ്‌റു ബസ് സ്റ്റാൻഡിലുള്ള സീതാരാമ ക്ഷേത്രത്തിലെ സീതമ്മ വിഗ്രഹമാണ് അക്രമികൾ ഞായറാഴ്ച തകർത്തത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സംഭവം വിവാദമായതോടെ മുൻ മന്ത്രി ദേവിനേനി ഉമ ഉൾപ്പെടെ ബിജെപിയുടെയും ടിഡിപിയുടെയും ഉന്നത നേതാക്കൾ സ്ഥലത്തെത്തിയിരുന്നു. വിഗ്രഹം തകർത്തവരെ ഉടൻ പിടികൂടണമെന്നും തക്കതായ ശിക്ഷ നൽകണമെന്നും അവർ ആവശ്യപ്പെട്ടു.
ഡിസംബർ അവസാനവാരം ആന്ധ്രയിലെ ബോഡികൊണ്ടയിലുള്ള പുരാതന രാമതീർത്ഥ ക്ഷേത്രത്തിലെ ശ്രീരാമ വിഗ്രഹവും തകർത്ത നിലയിൽ കണ്ടെത്തിയിരുന്നു. നാനൂറ് വർഷം പഴക്കമുള്ള വിഗ്രഹമാണ് തകർത്ത നിലയിൽ കണ്ടെത്തിയത്. വിഗ്രഹത്തിന്റെ ശിരസ്സിന്റെ ഭാഗമാണ് തച്ചുടച്ചത്. വിഗ്രഹത്തിന്റെ ചില ഭാഗങ്ങൾ അടുത്തുള്ള ക്ഷേത്ര കുളത്തിൽ നിന്ന് കണ്ടെടുത്തിരുന്നു. അഞ്ച് പ്രത്യേക സംഘങ്ങൾ രൂപീകരിച്ചാണ് പോലീസ് ഈ കേസ് അന്വേഷിക്കുന്നത്.
ഈ സംഭവങ്ങളിൽ ശക്തമായ പ്രതിഷേധമാണുയരുന്നത്. ഹിന്ദു ക്ഷേത്രങ്ങൾക്ക് യാതൊരു സംരക്ഷണവുമില്ലെന്നും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ആവശ്യമുയരുന്നുണ്ട്. ജഗന്‍മോഹന്‍ സര്‍ക്കാരിന് കീഴില്‍ ജനങ്ങള്‍ മാത്രമല്ല ക്ഷേത്രവിഗ്രഹങ്ങളും സുരക്ഷിതമല്ലെന്ന് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ആരോപിച്ചു. 19 മാസങ്ങള്‍ക്കിടെ ക്ഷേത്രങ്ങള്‍ക്ക് നേരെ 120 ആക്രമണങ്ങളാണ് ഉണ്ടായത്. 23 വിഗ്രഹങ്ങള്‍ നശിപ്പിച്ചു. ശക്തമായ നടപടി വേണമെന്ന് ചന്ദ്രബാബു നായിഡു ആവശ്യപ്പെട്ടു. കാഴ്ചക്കാരനെ പോലെ മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി ഇതെല്ലാം കണ്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
മുൻപ് ക്ഷേത്രങ്ങള്‍ക്ക് നേരെ നടന്ന ആക്രമണങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായി എടുക്കാത്തതിനെ തുടര്‍ന്നാണ് വീണ്ടും ആക്രമണം നടന്നതെന്നാണ് ജനസേവ പാര്‍ട്ടി നേതാവ് പവന്‍ കല്യാണ്‍ ആരോപിച്ചത്. ശ്രീ ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തിലെ രഥം തീവെച്ച് നശിപ്പിച്ച കേസിലെ പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ക്ഷേത്രങ്ങള്‍ക്ക് നേരെ നിരന്തരം നടക്കുന്ന ആക്രമണങ്ങളെ കുറിച്ച് സിബിഐ അന്വേഷണം നടത്തണമെന്നും പവന്‍ കല്യാണ്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തോട് അഭ്യര്‍ത്ഥിച്ചു

