Wednesday, December 17, 2025

മിനിറ്റുകളുടെ വ്യത്യാസം; ഇരട്ടകുഞ്ഞുങ്ങള്‍ പിറന്നത് രണ്ട് വര്‍ഷങ്ങളില്‍

മിനിറ്റുകളുടെ വ്യത്യാസത്തിൽ ഇരട്ടകുഞ്ഞുങ്ങള്‍ പിറന്നത് രണ്ട് വര്‍ഷങ്ങളില്‍. പുതുവര്‍ഷരാവില്‍ കാലിഫോര്‍ണിയയില്‍ പിറന്ന ഇരട്ടകളാണ് മിനിറ്റുകളുടെ വ്യത്യാസത്തില്‍ രണ്ട് വര്‍ഷങ്ങളിലായി പിറന്നത്. ഫാത്തിമ മാഡ്രിഗല്‍ എന്ന യുവതിയാണ് ആല്‍ഫ്രെഡോ എന്ന പുത്രനെ 2021ലും പുത്രി അയ്ലിനെ 2022ലും ജന്മം നല്‍കിയത്. ഇരട്ടകളാണെങ്കിലും രണ്ട് പേര്‍ക്കും രണ്ട് ദിവസം ജന്മദിനമായത് വിചിത്രമെന്നാണ് സംഭവത്തേക്കുറിച്ച് ഫാത്തിമയുടെ പ്രതികരണം.

കാലിഫോര്‍ണിയയിലെ നാറ്റിവിഡാഡ് മെഡിക്കല്‍ സെന്‍ററിലാണ് അപൂര്‍വ്വ ഇരട്ടകള്‍ പിറന്നത്. 2 ദശലക്ഷം കേസുകളില്‍ ഒന്നായാണ് ഈ ഇരട്ടകളുടെ പിറവിയെ കണക്കാക്കുന്നതെന്നാണ് വിദഗ്ധര്‍ വിശദമാക്കുന്നത്. 2022ല്‍ ഈ മേഖലയില്‍ പിറന്ന ആദ്യ കുഞ്ഞ് കൂടിയാണ് അയ്ലിന്‍. വളരെ അപൂര്‍വ്വമായാണ് ഇരട്ടകള്‍ ജന്മദിനവും ജന്മ വര്‍ഷവും വേറെ ആയി പിറക്കാറ്. ഡിസംബര്‍ 31 രാത്രി 11.45നാണ് ആല്‍ഫ്രെഡോ പിറന്നത്. ഇവരുടെ കുടുംബ ഡോക്ടറായ അന അബ്രില്‍ അരിയാസ് ആണ് പ്രസവ ശ്രുശ്രൂഷയ്ക്ക് ഫാത്തിമയ്ക്കൊപ്പമുണ്ടായിരുന്നത്.

സുരക്ഷിതമായി രണ്ട് പേരും അമ്മയ്ക്കൊപ്പം എത്തിയതില്‍ സന്തോഷമെന്നാണ് ഡോക്ടറുടെ പ്രതികരണം. ഇരട്ടകളേക്കൂടാതെ മൂന്ന് കുട്ടികള്‍ കൂടിയുണ്ട് ഫാത്തിമ റോബര്‍ട്ട് ദമ്പതികള്‍ക്ക്. ലഭ്യമായ കണക്കുകള്‍ അനുസരിച്ച് ഓരോ വര്‍ഷവും 120000 ഇരട്ടക്കുഞ്ഞുങ്ങളാണ് അമേരിക്കയില്‍ പിറക്കുന്നത്.

എന്നാല്‍ രണ്ട് വര്‍ഷങ്ങളിലായി ഇരട്ടകള്‍ പിറക്കുന്നത് വളരേ അപൂര്‍വ്വമായാണ്. 2019 പുതുവര്‍ഷ രാവിലും സമാനമായ ഒറു സംഭവം നടന്നിരുന്നു. ഇന്ത്യാനയിലെ അസന്‍ഷന്‍ സെന്‍റ് വിന്‍സെന്‍റ് ആശുപത്രിയിലായിരുന്നു ഇത്. ഡോണ്‍ ഗില്യം എന്ന യുവതിയുടെ ആദ്യ പ്രസവത്തിലെ ഇരട്ടകളാണ് അന്ന് രണ്ട് വര്‍ഷങ്ങളിലായി പിറന്നത്.

Related Articles

Latest Articles