ക്രിസ്ത്യൻ മത വിശ്വാസികളായ മാതാപിതാക്കളുടെ മകളായി ജനിക്കുകയും ക്രിസ്ത്യൻ മത വിശ്വാസം പിന്തുടർന്ന ശേഷം സർക്കാർ ജോലിയിൽ ആനുകൂല്യങ്ങൾ ലഭിക്കാനായി തനിക്ക് പട്ടികജാതി പദവിക്ക് അർഹതയുണ്ടെന്നും വാദിച്ച യുവതിയുടെ ഹർജി തള്ളി സുപ്രീംകോടതി.
34 വയസുകാരിയും പുതുച്ചേരി സ്വദേശിനിയുമായ സെൽവറാണിയാണ് തന്റെ പിതാവ് പട്ടിക ജാതിക്കാരനായ ഹിന്ദുവാണെന്നും ക്രിസ്ത്യാനിയായ തന്റെ മാതാവും വിവാഹം ശേഷം ഹിന്ദു മതത്തിലേക്ക് പരിവർത്തനം ചെയ്തിരുന്നതായും അവകാശപ്പെട്ടത്. എന്നാൽ പ്രാദേശിക ഭരണകൂടം നടത്തിയ അന്വേഷണത്തിൽ ഈ അവകാശ വാദങ്ങൾ തീർത്തും തെറ്റായിരുന്നുവെന്ന് കണ്ടെത്തി. 2015 ൽ സെൽവറാണി പട്ടികജാതി (എസ്‌സി) ക്വാട്ടയിൽ അപ്പർ ഡിവിഷൻ ക്ലാർക്ക് (യുഡിസി) തസ്തികയിലേക്ക് അപേക്ഷിച്ചിരുന്നു. തന്റെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള ജാതി സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയ അവർ, 1964 ലെ ഭരണഘടന (പോണ്ടിച്ചേരി) പട്ടികജാതി ഉത്തരവ് പ്രകാരം പുതുച്ചേരി കേന്ദ്രഭരണ പ്രദേശത്തെ പട്ടികജാതികളായി അംഗീകരിക്കപ്പെട്ട സമുദായങ്ങളിലൊന്നായ ‘വള്ളുവൻ’ ജാതിയിൽ പെട്ടവരാണെന്ന് അവകാശപ്പെട്ടു.
ഇവരുടെ അപേക്ഷയിൽ പരിശോധന നടത്തിയ അധികൃതർ അവരുടെ അവകാശവാദങ്ങളും രേഖയിലുള്ള വസ്തുതകളും തമ്മിൽ പൊരുത്തക്കേടുകൾ ഉള്ളതായി കണ്ടെത്തി. യുവതിയുടെ കുടുംബം കാലങ്ങളായി ക്രിസ്തുമതം പിന്തുടരുന്നവരാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. അന്വേഷണത്തിൽ നിർണായകമായ രേഖകളും കണ്ടെത്തി. ഒന്നര മാസം പ്രായമുള്ളപ്പോൾ 1991 ജനുവരി 6 ന് പുതുച്ചേരിയിലെ വില്ലിയന്നൂരിലുള്ള ലൂർദ് ദേവാലയ പള്ളിയിൽ യുവതി സ്നാനമേറ്റതായും അവളുടെ മൂത്ത സഹോദരൻ 1989 ൽ നേരത്തെ സ്നാനമേറ്റതായുമുള്ള രേഖകളും യുവതിയുടെ മാതാപിതാക്കളുടെ വിവാഹം 1987 ൽ അതേ പള്ളിയിൽ രജിസ്റ്റർ ചെയ്ത രേഖകളും കണ്ടെത്തി.
ഇതിന് പുറമെ ഹർജിക്കാരി സ്നാനമേറ്റുവെന്നും പതിവായി പള്ളിയിലെ ചടങ്ങുകളിൽ പങ്കെടുത്തിരുന്നുവെന്നും സഭയുടെ സ്നാന രജിസ്റ്ററിൽ ഹർജിക്കാരിയുടെ പേര് ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഗ്രാമവാസികൾ മൊഴി നൽകി.
സെൽവ റാണിയോ അവരുടെ മാതാപിതാക്കളോ ഹിന്ദുമതത്തിലേക്കുള്ള ഔപചാരിക പുനഃപരിവർത്തനത്തിന് വിധേയരായി എന്നതിന് ഒരു രേഖയും ഹാജരാക്കിയിട്ടില്ല. പൊതു പ്രഖ്യാപനമോ ആര്യസമാജ ചടങ്ങോ ആചാരമോ ഒരു ജാതി സമൂഹ സംഘടനയിൽ നിന്നുള്ള സ്വീകാര്യതയോ ഉണ്ടായിരുന്നില്ല. വിവാഹശേഷം തന്റെ അമ്മ ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്തുവെന്ന് സെൽവറാണി അവകാശപ്പെട്ടപ്പോൾ, അവളുടെ അമ്മ ഒരു ക്രിസ്ത്യാനിയായി തുടർന്നു വരുന്നുവെന്നും അവരെ വിവാഹം കഴിക്കുന്നതിന് മുമ്പ് തന്നീട് അവളുടെ പിതാവ് ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തിരുന്നു.
ജാതി സർട്ടിഫിക്കറ്റിനുള്ള അപേക്ഷ തഹസിൽദാർ നിരസിക്കുകയും ഉന്നത ഭരണ അധികാരികൾക്ക് നൽകിയ അപ്പീലുകളും നിരസിക്കപ്പെട്ടതിനെ തുടർന്ന് സെൽവറാണി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. 2023-ൽ ഹൈക്കോടതിയും അവരുടെ ഹർജി തള്ളിക്കളഞ്ഞു. തുടർന്നാണ് അവർ സുപ്രീം കോടതിയെ സമീപിച്ചത്.
സുപ്രീം കോടതിയിൽ, യുവതിയുടെ പൂർവ്വികർ വള്ളുവൻ ജാതിയിൽ പെട്ടവരാണെന്നും ക്രിസ്തുമതത്തിലേക്കുള്ള പരിവർത്തനത്തിനുശേഷവും ജാതി ഐഡന്റിറ്റി നിലനിൽക്കുന്നുണ്ടെന്നും അവരുടെ അഭിഭാഷകർ വാദിച്ചു. എന്നാൽ ഈ വാദങ്ങളിൽ കഴമ്പില്ലെന്ന് കോടതി കണ്ടെത്തി.
“പട്ടികജാതി ഉത്തരവ് പ്രകാരം, ഹിന്ദുമതം, സിഖ് മതം അല്ലെങ്കിൽ ബുദ്ധമതം എന്നിവ അവകാശപ്പെടുന്ന ഒരാൾക്ക് മാത്രമേ പട്ടികജാതി സർട്ടിഫിക്കറ്റ് നൽകാൻ കഴിയൂ എന്ന് കോടതി നിരീക്ഷിച്ചു.
“ അപ്പീൽക്കാരി ക്രിസ്ത്യാനിയായാണ് ജനിച്ചത്. അവർക്ക് ഒരു ജാതിയുമായും ബന്ധപ്പെടാൻ കഴിയില്ല. ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുമ്പോൾ, ഒരാൾക്ക് അയാളുടെ ജാതി നഷ്ടപ്പെടുന്നു.
അപ്പീൽക്കാരി ക്രിസ്തുമതം അവകാശപ്പെടുകയും പതിവായി പള്ളിയിൽ പോകുന്നതിലൂടെ വിശ്വാസം സജീവമായി ആചരിക്കുകയും ചെയ്യുന്നുവെന്ന് ഹാജരാക്കിയ തെളിവുകൾ വ്യക്തമായി തെളിയിക്കുന്നു. എന്നാൽ , അവർ ഒരു ഹിന്ദുവാണെന്ന് അവകാശപ്പെടുകയും ജോലി ആവശ്യത്തിനായി പട്ടികജാതി കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് തേടുകയും ചെയ്യുന്നു. അവർ ഉന്നയിക്കുന്ന അത്തരമൊരു ഇരട്ട അവകാശവാദം അംഗീകരിക്കാനാവില്ല, മാമോദീസയ്ക്ക് ശേഷം അവർക്ക് സ്വയം ഒരു ഹിന്ദുവായി തിരിച്ചറിയാൻ കഴിയില്ല.”
“അപ്പീൽക്കാരിയുടെ അമ്മ വിവാഹശേഷം ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്തുവെന്ന് കരുതുന്നുണ്ടെങ്കിൽ അവർ തന്റെ കുട്ടികളെ പള്ളിയിൽ സ്നാനപ്പെടുത്താൻ പാടില്ലായിരുന്നു, അതിനാൽ, അപ്പീൽക്കാരന്റെ പ്രസ്താവന വിശ്വസനീയമല്ല.”
മതം അനുസരിച്ച് ക്രിസ്ത്യാനിയായ, എന്നാൽ ജോലിയിൽ സംവരണം ലഭിക്കാൻ വേണ്ടി മാത്രമാണ് ഹിന്ദുമതം സ്വീകരിക്കുന്നതെന്ന് അവകാശപ്പെടുന്ന ഹർജിക്കാരിക്ക് പട്ടികജാതി സമുദായ പദവി നൽകുന്നത് സംവരണത്തിന്റെ ഉദ്ദേശ്യത്തിന് വിരുദ്ധമാണ്, കൂടാതെ ഭരണഘടനയോടുള്ള വഞ്ചനയ്ക്ക് തുല്യവുമാണ്.ഒരാൾ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തുകഴിഞ്ഞാൽ ജാതി നിലനിൽക്കില്ല.”- യുക്തിയുടെ ഹർജി തള്ളിക്കൊണ്ട് സുപ്രീംകോടതി വ്യക്തമാക്കി

