ദില്ലി : വാടകയ്ക്ക് ഗർഭപാത്രം നൽകുന്ന സ്ത്രീകൾക്ക് ജനിക്കുന്ന കുഞ്ഞുങ്ങളുമായി ജനിതകബന്ധം പാടില്ലെന്ന സത്യവാങ്മൂലവുമായി കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ. ഇത് കൊണ്ടു തന്നെ ഗർഭപാത്രം നൽകുന്ന സ്ത്രീയുടെ അണ്ഡം ഗര്ഭധാരണത്തിന് ഉപയോഗിക്കരുത്. നിയമപ്രകാരം വാടകഗർഭപാത്രം തേടുന്ന ദമ്പതിമാരുടെ ബീജവും അണ്ഡവുമാണ് അതിനായി ഉപയോഗിക്കേണ്ടതെന്നും സർക്കാർ വ്യക്തമാക്കി.
വാടകയ്ക്ക് ഗർഭപാത്രം നൽകുന്നവർ സ്വന്തം അണ്ഡം അതിനായി ഉപയോഗിക്കുന്നത് വാടകഗർഭപാത്ര നിയമത്തിലെ നാല് (മൂന്ന്) ബി (മൂന്ന്) വകുപ്പുകൾ വിലക്കുന്നുണ്ടെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. വാടകഗർഭപാത്രം തേടുന്ന ദമ്പതിമാർക്കോ സ്ത്രീക്കോ (വിധവ അല്ലെങ്കിൽ വിവാഹമോചിത) മാത്രമേ കുഞ്ഞുമായി ജനിതകബന്ധം പാടുള്ളൂ. വിധവയോ വിവാഹമോചിതയോ ആണ് ഗർഭപാത്രം തേടുന്നതെങ്കിൽ അവരുടെ അണ്ഡവും പുരുഷദാതാവിന്റെ ബീജവുമാണ് ഗര്ഭധാരണത്തിന് ഉപയോഗിക്കേണ്ടത്.
വാണിജ്യാടിസ്ഥാനത്തിൽ ഗർഭപാത്രം വാടകയ്ക്ക് നൽകുന്നത് നിരോധിച്ചതിരായ പൊതുതാത്പര്യ ഹർജിയിലാണ് കേന്ദ്രസർക്കാർ സത്യവാങ്മൂലം നൽകിയത്. വാടകയ്ക്ക് ഗർഭപാത്രം നൽകുന്ന സ്ത്രീയുടെ അണ്ഡം ഉപയോഗിക്കരുതെന്ന വ്യവസ്ഥയെയും ഹർജിയിൽ എതിർക്കുന്നുണ്ട്.

