ഇസ്ലാമാബാദ് : പാകിസ്ഥാനിൽ വിഘടന സായുധ ഗ്രൂപ്പായ ബലൂച് ലിബറേഷൻ ആർമി ട്രെയിൻ റാഞ്ചിയ ട്രെയിനിൽ നിന്ന് സ്ത്രീകളെയും കുട്ടികളെയും ബലൂച് നിവാസികളെയും വിട്ടയച്ചതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിഘടനവാദികൾ നടത്തിയ വെടിവെപ്പില്‍ 20 പാകിസ്ഥാൻ സൈനികര്‍ കൊല്ലപ്പെട്ടു. സൈനികര്‍ പിന്‍മാറിയില്ലെങ്കില്‍ ബന്ദികളെ വധിക്കുമെന്നും വിഘടനവാദികള്‍ ഭീഷണി മുഴക്കി.
പാകിസ്ഥാനിലെ തെക്കുപടിഞ്ഞാറൻ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ക്വറ്റയിൽനിന്ന് ഖൈബർ പഖ്തൂൺഖ്വയിലെ പെഷവാറിലേക്ക് പോവുകയായിരുന്ന ജാഫർ എക്സ്പ്രസാണ് വിഘടനവാദികൾ തട്ടിയെടുത്തത്. സൈന്യം സൈനിക നടപടികൾ ആരംഭിച്ചാൽ കൂടുതൽ ബന്ദികളെ കൊല്ലുമെന്ന് ബലൂച് ലിബറേഷൻ ആർമി വക്താവ് ജിയാൻഡ് ബലൂച്ച് ഒപ്പിട്ട പ്രസ്താവനയിൽ പറഞ്ഞു. റെയിൽവേ ട്രാക്കുകൾ സ്ഫോടനത്തിൽ തകർത്ത് ട്രെയിൻ നിർത്താൻ നിർബന്ധിച്ചതിന് പിന്നാലെ ഇവർ ട്രെയിനിന്റെ ഉള്ളിലേക്ക് പ്രവേശിച്ചുവെന്നും ലോക്കോപൈലറ്റിന് നേരെ നിറയൊഴിച്ചുമെന്നാണ് റിപ്പോർട്ട്. ബലൂച് ലിബറേഷൻ ആർമിയുടെ മജീദ് ബ്രിഗേഡാണ് ട്രെയിൻ തട്ടിയെടുത്തത്.
പാകിസ്ഥാനിൽ നിന്ന് ബലൂചിസ്ഥാനെ സ്വതന്ത്രമാക്കണമെന്ന് ആവശ്യവുമായി ബലൂച് ലിബറേഷന്‍ ആര്‍മി, ബലൂചിസ്ഥാന്‍ ലിബറേഷന്‍ ഫ്രണ്ട് തുടങ്ങിയ വിമത സംഘടനകള്‍ ഭരണകൂടത്തിനെതിരെ പോരാട്ടം നടക്കുകയാണ്. പതിറ്റാണ്ടുകളായി പാകിസ്ഥാൻ സർക്കാരിനെതിരെ പോരാടുന്ന നിരവധി വംശീയ വിമത ഗ്രൂപ്പുകളിൽ ഏറ്റവും വലുതാണ് ബിഎൽഎ. ട്രെയിന്‍ തടഞ്ഞിട്ടിരിക്കുന്ന പ്രദേശം സങ്കീര്‍ണമായ ഭൂപ്രദേശമായതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളികള്‍ ഏറെയുണ്ട്.

