മലപ്പുറം : പൗരത്വ നിയമഭേദഗതിക്കെതിരായ സമരത്തിലെ സ്ത്രീ പങ്കാളിത്തത്തെ വിമര്‍ശിച്ച് കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാര്‍. സ്ത്രീകള്‍ പുരുഷന്മാരെപ്പോലെ തെരുവില്‍ സമരത്തിന് ഇറങ്ങാന്‍ പാടില്ലെന്നും,പുരുഷന്‍മാരെ പോലെ മുഷ്ടി ചുരുട്ടാനും മുദ്രാവാക്യം വിളിക്കാനും പാടില്ലെന്നും കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാര്‍ പറഞ്ഞു.എന്നാല്‍ പൗരത്വനിയമഭേദഗതിക്കെതിരായ പ്രക്ഷോഭത്തിന് സമസ്തയുടെ ഇരുവിഭാഗങ്ങളും യോജിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൗരത്വനിയമഭേഗഗതിക്കെതിരെ രാജ്യത്താകമാനം സ്ത്രീപുരുഷഭേദമന്യേ വലിയ തോതില്‍ പ്രക്ഷോഭം നടക്കുന്ന സാഹചര്യത്തിലാണ് സ്ത്രീകള്‍ സമരത്തിലിറങ്ങരുതെന്ന കാന്തപുരത്തിന്റെ പ്രതികരണം വന്നിരിക്കുന്നത്. നേരത്തെ പൗരത്വനിയമഭേദഗതിക്കെതിരെ സംസ്ഥാനത്ത് നടന്ന സംയുക്ത പ്രതിഷേധത്തില്‍ കാന്തപുരം പങ്കെടുത്തിരുന്നു.
റിപ്പബ്‌ളിക് ദിനത്തില്‍ സിപിഎം സംഘടിപ്പിച്ച മനുഷ്യശ്യംഖലയിലും മുസ്ലീം സമുദായത്തിലെ വിവിധ വിഭാഗങ്ങള്‍ക്കൊപ്പം ഇടതുപക്ഷത്തോട് ആഭിമുഖ്യം പുലര്‍ത്തുന്ന കാന്തപുരം എപി വിഭാഗം സുന്നികള്‍ ഭാഗമായിരുന്നു. ഇവര്‍ക്കൊപ്പം മുസ്ലിം ലീഗിനൊപ്പം നില്‍ക്കുന്ന ഇകെ വിഭാഗം സുന്നികളുടെ നേതാക്കളും മുജാഹിദ് വിഭാഗവും മനുഷ്യശ്യംഖലയുടെ ഭാഗമായിരുന്നു.

