ഡുനെഡിന്‍ : വനിതാ ഫുട്‌ബോള്‍ ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ രണ്ട് ഗോളിന് പിന്നിലായ ശേഷം ഗംഭീര തിരിച്ചുവരവ് നടത്തി സമനില നേടിയെടുത്ത് അര്‍ജന്റീന. ഗ്രൂപ്പ് ജിയില്‍ നടന്ന മത്സരത്തില്‍ രണ്ട് ഗോളുകള്‍ വീതം നേടി ഇരു ടീമുകളും സമനിലയിൽ മത്സരമവസാനിപ്പിച്ചു. മത്സരത്തിന്റെ 74-ാം മിനിറ്റ് വരെ രണ്ട് ഗോളുകള്‍ക്ക് പിന്നിൽ നിന്ന ശേഷമായിരുന്നു അര്‍ജന്റീനയുടെ അവിശ്വാസനീയ മുന്നേറ്റം. അഞ്ച് മിനിറ്റുകള്‍ക്കിടെയാണ് രണ്ട് ഗോളുകൾ ദക്ഷിണാഫ്രിക്കയുടെ വലയിൽ പതിച്ചത്.
30-ാം മിനിറ്റില്‍ ലിന്‍ഡ മോട്ടല്‍ഹാലോയിലൂടെ ദക്ഷിണാഫ്രിക്ക മുന്നിലെത്തി. പിന്നാലെ 66-ാം മിനിറ്റില്‍ തെംബി ഗാട്ട്‌ലാനയും ഗോൾ കണ്ടെത്തിയതോടെ അവര്‍ ലോകകപ്പ് ചരിത്രത്തിലെ തങ്ങളുടെ ആദ്യ ജയം സ്വപ്‌നം കണ്ടു തുടങ്ങി. എന്നാല്‍ 74-ാം മിനിറ്റില്‍ സോഫിയ ബ്രൗണിലൂടെ ഒരു ഗോള്‍ തിരിച്ചടിച്ച അര്‍ജന്റീന 79-ാം മിനിറ്റില്‍ റോമിന ന്യൂനെസിലൂടെ രണ്ടാം ഗോളും വലയിലെത്തിച്ചു.
ഇത്തവണത്തെ ലോകകപ്പിലെ അര്‍ജന്റീനയുടെ ആദ്യ പോയന്റാണിത്. രണ്ട് കളികളില്‍ നിന്ന് ഒരു പോയന്റുമായി നിലവില്‍ ഗ്രൂപ്പ് ജിയില്‍ നാലാം സ്ഥാനത്തുള്ള അര്‍ജന്റീന നോക്കൗട്ട് ഘട്ടത്തിലെത്തണമെങ്കിൽ ഇനി അത്ഭുതങ്ങൾ സംഭവിക്കണം.

