ദുബായ്: വീണ്ടും ലോക ചെസ് ചാമ്പ്യനായി മാഗ്നസ് കാൾസൻ. റഷ്യയുടെ യാൻ നീപോംനീഷിയെ മറികടന്നാണ് മാഗ്നസ് കാൾസൻ ലോക ചെസ് ചാംപ്യൻഷിപ്പ് കിരീടം ചൂടിയത് .
പതിനൊന്നാം ഗെയിമിന് ഒരുങ്ങുമ്പോൾ കിരീടം നേടാൻ ഒരു പോയിന്റ് മതിയായിരുന്ന കാൾസൻ ചടുലമായ നീക്കങ്ങളിലൂടെ ആ നേട്ടം സ്വന്തമാക്കുകയായിരുന്നു.
ഇതോടെ സമ്മാനത്തുകയായ 2 ദശലക്ഷം യൂറോ (17 കോടി ഇന്ത്യൻ രൂപ) കാൾസന് ലഭിക്കും.
2013ൽ ആദ്യ ലോക ചെസ് ചാംപ്യൻ പട്ടം ചൂടിയ കാൾസൻ തുടർച്ചയായ അഞ്ചാം തവണയാണ് ചെസ് ലോകത്തിന്റെ നെറുകയിൽ എത്തിയത്.
നിർണ്ണായകമായ പതിനൊന്നാം ഗെയിമിൽ നീപോംനീഷിക്ക് പല നീക്കങ്ങളും പിഴച്ചത് മൽസരം കാൾസന് അനുകൂലമാവാൻ സഹായിച്ചു.
ഇന്നലെ പതിനൊന്നാം ഗെയിം 49 നീക്കത്തിലാണ് കാൾസൻ ജയിച്ചത്. മൂന്ന് മണിക്കൂറും 21 മിനിറ്റുമെടുത്താണ് വിജയം. 11 റൗണ്ട് പൂർത്തിയായപ്പോൾ നോർവേ സ്വദേശിയായ കാൾസൻ 7.5 പോയിന്റ് നേടി. ഇതിൽ നാല് ജയങ്ങൾ ഉൾപ്പെടുന്നു. എന്നാൽ എതിരാളി യാൻ നീപോംനീഷിക്ക് 3.5 പോയിന്റാണ് നേടാനായത്.
കാൾസൻ ലക്ഷ്യം നേടിയതോടെ മൂന്ന് മത്സരങ്ങൾ ബാക്കിയായി. നിപോംനിഷിക്ക് ഒറ്റ കളിയും ജയിക്കാനായില്ല. ആദ്യത്തെ അഞ്ച് കളിയും സമനിലയായിരുന്നു.
‘ആ ആറാം ഗെയിം അതിമനോഹരമായിരുന്നു. കരുനീക്കങ്ങളുടെ മേന്മയിലും ഉപരിയായി അതൊരു കടുത്ത പോരാട്ടം തന്നെയായിരുന്നു. ആ ഗെയിമാണ് എല്ലാം മാറ്റിമറിച്ചത്’-മത്സരശേഷം കാൾസൻ പറഞ്ഞു.

