തൃശൂര്‍: സാഹിത്യകാരി അഷിത അന്തരിച്ചു. ബുധനാഴ്ച്ച പുലര്‍ച്ചെ ഒരു മണിയോടെ തൃശ്ശൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 63 വയസായിരുന്നു. ഏറെ നാളായി രോഗബാധിതയായിരുന്നു.
കഥാകൃത്തും പരിഭാഷകയുമായ അഷിത, തൃശൂര്‍ ജില്ലയിലെ പഴയന്നൂരിലാണ് ജനിച്ചത്. ഡല്‍ഹി, ബോംബെ എന്നിവിടങ്ങളില്‍ സ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം എറണാകുളം മഹാരാജാസ് കോളജില്‍നിന്ന് ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടി.
കഥയ്ക്കു പുറമെ കവിത, നോവലൈറ്റ്, പരിഭാഷ, ബാലസാഹിത്യം, എന്നീ വിഭാഗങ്ങളിലായി ഇരുപതോളം കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിസ്മയചിഹ്നങ്ങള്‍, അപൂര്‍ണ്ണ വിരാമങ്ങള്‍, നിലാവിന്റെ നാട്ടില്‍, ഒരു സ്ത്രീയും പറയാത്തത്, അഷിതയുടെ കഥകള്‍, മഴമേഘങ്ങള്‍, പുഷ്കിന്‍ കവിതകളുടെ വിവര്‍ത്തനം, പദവിന്യാസങ്ങള്‍ (റഷ്യന്‍ കഥകളുടെ പരിഭാഷ), താവോ: ഗുരുവിന്റെ വഴി, രാമായണം കുട്ടികള്‍ക്ക്, ഭാഗവതം കുട്ടികള്‍ക്ക്, അഷിതയുടെ ഹൈക്കു കവിതകള്‍, റൂമി പറഞ്ഞ കഥകള്‍, താവോ തേ ചിംഗ്, ശിവേന സഹനര്‍ത്തനം (വചനം കവിതകള്‍), മീരാഭജനുകള്‍, ഹൈഡി (പരിഭാഷ), മയില്‍പ്പീലി സ്പര്‍ശം, 365 കുഞ്ഞുകഥകള്‍, പീറ്റര്‍ എന്ന മുയലും മറ്റു കഥകളും, അഷിതയുടെ കത്തുകള്‍, എന്നിവയാണ് കൃതികള്‍.
അഷിതയുടെ കഥകള്‍ എന്ന സമാഹാരത്തിന് 2015 ലെ ചെറുകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. ലളിതാംബിക അന്തര്‍ജനം അവാര്‍ഡ്, പത്മ രാജന്‍ പുരസ്‌കാരം, ഇടശേരി അവാര്‍ഡ് എന്നിവയും നേടിയിട്ടുണ്ട്.

