കണ്ണൂര്‍: കണ്ണൂര്‍ പഴയങ്ങാടിയില്‍ കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യദ്യൂരപ്പയെ കരിങ്കൊടി കാണിച്ച സംഭവത്തില്‍ എസ്എഫ്ഐ ജില്ലാ സെക്രട്ടറിയടക്കം അഞ്ച് പേര് കൂടി ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റില്‍.
മൂന്ന് എസ്എഫ്ഐ പ്രവര്‍ത്തകരും രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുമാണ് അറസ്റ്റിലായത്. എസ്എഫ്ഐ പ്രവര്‍ത്തകരായ ഷിബിന്‍,ജിതിന്, അഖില്‍, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ജിജേഷ്, സനില്‍ എന്നിവരെയാണ് പഴയങ്ങാടി പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്.
എസ്എഫ്ഐ ജില്ലാ സെക്രട്ടറിയാണ് അറസ്റ്റിലായ ഷിബിന്‍ കാനായി.യദ്യൂരപ്പയുടെ വാഹനം തടഞ്ഞു, ആക്രമിക്കാന്‍ ശ്രമിച്ചു, പൊലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തി തുടങ്ങിയ ഗൗരവമേറിയ കുറ്റങ്ങളാണ് ചുമത്തിയത്. ഇവരെ റിമാന്‍ഡ് ചെയ്തു.
സംഭവത്തില്‍ അറസ്റ്റിലായ മറ്റ് 23 പേരെ ജാമ്യത്തില്‍ വിട്ടു. ചൊവ്വാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് പഴയങ്ങാടി ബസ് സ്റ്റാന്‍ഡിന് മുന്നില്‍വച്ച് യദ്യൂരപ്പ സഞ്ചരിച്ച വാഹന വ്യൂഹത്തെ പ്രതിഷേധക്കാര്‍ തടഞ്ഞത്. മാടായിക്കാവില്‍ ദര്‍ശനത്തിന് എത്തിയപ്പോഴായിരുന്നു സംഭവം.

