കേരളത്തിനെതിരെ വീണ്ടും വിമർശനമുന്നയിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അക്രമ രാഷ്ട്രീയം അരങ്ങേറുന്ന കേരളം കലാപ ഭൂമി തന്നെയാണെന്ന് അദ്ദേഹം ആവർത്തിച്ചു. ‘കേരളത്തിൽ ജനങ്ങൾക്ക് ശാന്തിയും സമാധാനവുമില്ല’. രാഷ്ട്രീയ കൊലപാതകങ്ങൾ ആവർത്തിക്കുകയാണെന്നും യോഗി കുറ്റപ്പെടുത്തി.
അതേസമയം ഉത്തർപ്രദേശ് കേരളത്തിൽ നിന്നെല്ലാം വ്യത്യസ്തമാണ്. കണ്ണില്ലാത്തവരേ യുപിയിൽ വികസനമില്ലെന്ന് പറയുകയുള്ളൂവെന്ന് അദ്ദേഹം വ്യക്തമാക്കി. ഉത്തർപ്രദേശിൽ കലാപവും ഗുണ്ടാവിളയാട്ടവും ഇല്ലെന്നും യോഗി മാധ്യമങ്ങളോട് പറഞ്ഞു.
യുപിയിൽ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന സമയത്തായിരുന്നു യോഗി ആദ്യം രംഗത്തെത്തിയത്. പശ്ചിമ ബംഗാളിലെ പോലെ അക്രമവും രാഷ്ട്രീയ കൊലപാതകവും നടക്കുന്ന സംസ്ഥാനമാണ് കേരളമെന്നും, കേരളത്തേപ്പോലെ ആകാതിരിക്കാൻ വോട്ടുചെയ്യണമെന്നും യോഗി പറഞ്ഞിരുന്നു. ഓരോ വ്യക്തിയുടെയും ജീവന് യുപി സർക്കാർ സുരക്ഷ ഉറപ്പ് നൽകുന്നതായും ആദിത്യനാഥ് അവകാശപ്പെട്ടു.
നിലവിൽ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട പോളിംഗ് തുടങ്ങി. 12 ജില്ലകളിലെ 61 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. 61 നിയമസഭാ സീറ്റുകളിലേക്ക് 692 സ്ഥാനാർഥികളാണ് അഞ്ചാം ഘട്ടത്തിൽ മത്സരിക്കുന്നത്. വോട്ടെടുപ്പ് ആരംഭിച്ചു. കൗശാംബി ജില്ലയിലെ സിരാത്തു മണ്ഡലത്തിൽ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, അലഹാബാദ് വെസ്റ്റിൽ സിദ്ധാർഥ് നാഥ് സിങ്, പ്രതാപ്ഗഢിൽ രാജേന്ദ്ര സിങ്, മങ്കാപുരിൽ രമാപതി ശാസ്ത്രി, അലഹാബാദ് സൗത്തിൽ നന്ദ് ഗോപാൽ ഗുപ്ത നാദി എന്നിവരാണ് ഈ ഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖർ. മാത്രമല്ല 12 ജില്ലകളിലായി 2.24 കോടി വോട്ടർമാരാണുള്ളത്. അവസാന രണ്ട് ഘട്ടങ്ങൾ മാർച്ച് മൂന്ന്, ഏഴ് തീയതികളിലാണ് നടക്കുക.

