ലക്നൗ: കർണാടകയിലെ ഹിജാബ് വിവാദം കത്തിപ്പടരുന്ന സാഹചര്യത്തിൽ വിഷയത്തില്‍ പ്രതികരണവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാജ്യത്തെ നയിക്കുന്നത് കരുത്തുറ്റ ഭരണഘടനയാണ്, അല്ലാതെ ശരിഅത്ത് നിയമം അല്ലെന്ന് അദ്ദേഹം പറഞ്ഞു.
‘അച്ചടക്കത്തിന് വേണ്ടിയാണ് ഡ്രസ് കോഡുകള്‍ ഉണ്ടാക്കുന്നതെന്നും, എല്ലാ സ്ഥാപനങ്ങള്‍ക്കും അതിന് ആവശ്യമായ രീതിയില്‍ ഡ്രസ് കോഡ് രൂപീകരിക്കാന്‍ അവകാശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഇത് ഭരണഘടനയ്ക്ക് അനുസൃതമായിരിക്കണം. എല്ലാവരുടെയും താത്പര്യത്തിന് അനുസരിച്ചായിരിക്കണം. ഇന്ത്യയെ മുന്നോട്ടുനയിക്കുന്നത് ഭരണഘടനയാണ്. അല്ലാതെ ശരിഅത്ത് നിയമമല്ല’ യോഗി കൂട്ടിച്ചേർത്തു.
അതേസമയം നിലവില്‍ കര്‍ണാടകയില്‍ നിന്നും ആരംഭിച്ച ഹിജാബ് വിവാദം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇതേത്തുടർന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. മാത്രമല്ല ഹിജാബ് വിഷയത്തില്‍ ആദ്യമായാണ് യോഗി ആദിത്യനാഥ് പ്രതികരിക്കുന്നത്.

