ദില്ലി : അഹമ്മദാബാദിലെ എയര്‍ ഇന്ത്യ വിമാനാപകടം പൈലറ്റിന്റെ പിഴവ് കൊണ്ടാണെന്ന് രാജ്യത്ത് ആരും കരുതുന്നില്ലെന്ന് സുപ്രീംകോടതി. അപകടത്തിൽ തകർന്ന എയർ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനത്തിന്റെ പൈലറ്റ് ഇൻ കമാൻഡായിരുന്ന ക്യാപ്റ്റൻ സുമീത് സബർവാളിന്റെ പിതാവിനോടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ് മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഈ അഭിപ്രായം പ്രകടിപ്പിച്ചത്. അപകടത്തെക്കുറിച്ച് സ്വതന്ത്രവും സാങ്കേതികമായി കഴിവുള്ളതുമായ അന്വേഷണം വിരമിച്ച സുപ്രീം കോടതി ജഡ്ജിയുടെ മേൽനോട്ടത്തിൽ നടത്തണമെന്ന് ആവശ്യപ്പെട്ട് 91 വയസ്സുകാരനായ പുഷ്കർ സബർവാൾ സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് കോടതിയുടെ ഈ പരാമർശം. ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട്, നിങ്ങളുടെ മകനെ ആരും കുറ്റപ്പെടുത്തുന്നില്ലെന്ന് ബെഞ്ച് ഹർജിക്കാരന് ഉറപ്പ് നൽകി.
“ഈ അപകടം സംഭവിച്ചത് വളരെ ദൗർഭാഗ്യകരമാണ്, പക്ഷേ നിങ്ങളുടെ മകനെ കുറ്റപ്പെടുത്തുന്നു എന്ന ഭാരം നിങ്ങൾ ചുമക്കേണ്ടതില്ല. ആർക്കും അദ്ദേഹത്തെ ഒന്നിനും കുറ്റപ്പെടുത്താൻ കഴിയില്ല,” വാദം കേൾക്കുന്നതിനിടെ ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.
“ഇതുവരെ പൈലറ്റിനെതിരെ ഒരു ആരോപണവും ഇല്ല. അന്വേഷണ റിപ്പോർട്ട് രണ്ട് പൈലറ്റുമാർ തമ്മിലുള്ള ആശയവിനിമയം മാത്രമാണ് രേഖപ്പെടുത്തുന്നത്, അത് ആരെയും കുറ്റപ്പെടുത്തുന്നില്ല,” ജസ്റ്റിസ് ബാഗ്ചി കൂട്ടിച്ചേർത്തു.
അപകടത്തെക്കുറിച്ച് സ്വതന്ത്രവും സങ്കേതികമികവുള്ളതുമായ അന്വേഷണം സുപ്രീം കോടതിയില്‍നിന്ന് വിരമിച്ച ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് സുമീതിന്റെ പിതാവായ 91-കാരന്‍ പുഷ്‌കര്‍ സഭര്‍വാള്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. സീനിയർ അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ മുഖേനയാണ് ഹർജിക്കാരൻ വാദിച്ചത്.
കൂടാതെ, പൈലറ്റിന്റെ പിഴവ് സൂചിപ്പിച്ചുകൊണ്ട്, പേര് വെളിപ്പെടുത്താത്ത ഇന്ത്യൻ വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് ‘വാൾ സ്ട്രീറ്റ് ജേർണലിൽ’ വന്ന ഒരു റിപ്പോർട്ടും അദ്ദേഹം ചൂണ്ടിക്കാട്ടി. “എങ്കിൽ നിങ്ങളുടെ കേസ് ‘വാൾ സ്ട്രീറ്റ് ജേർണലി’നെതിരെ ആകണമായിരുന്നു. പത്രത്തിലെ ആരോപണങ്ങൾക്ക് ഉചിതമായ വേദി ആവശ്യമാണ്, അല്ലാതെ റിട്ട് ഹർജിയല്ല,” ജസ്റ്റിസ് ബാഗ്ചി മറുപടി നൽകി.
ഹർജിയിൽ കേന്ദ്ര സർക്കാരിന്റെയും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെയും (DGCA) മറ്റ് അധികാരികളുടെയും പ്രതികരണം തേടി സുപ്രീം കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. കേസ് ഇനി നവംബർ 10-ന് പരിഗണിക്കും.

