തിരുവനന്തപുരം : പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തുന്നത് മൊബൈലില്‍ ചിത്രീകരിച്ച് സമൂഹ മാദ്ധ്യമത്തിൽ പ്രചരിപ്പിച്ച യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കേസെടുത്തു. യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റും നെടുമങ്ങാട് കായ്പാടി സ്വദേശിയുമായ സെയ്താലി എസ്.എസിനെതിരേയാണ് കേസെടുത്തിരിക്കുന്നത്.
ഡിസംബര്‍ ഒമ്പതിന് നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലെ ആദ്യ ഘട്ടത്തിൽ വോട്ട് രേഖപ്പെടുത്തുന്നത് മൊബൈലില്‍ ചിത്രീകരിച്ച് ഇന്‍സ്റ്റാഗ്രാമില്‍ ഇയാൾ പോസ്റ്റ് ചെയ്യുകയായിരുന്നു. ഭാരതീയ ന്യായസംഹിതയിലെ 192-ാം വകുപ്പ്, ജനപ്രാതിനിധ്യനിയമത്തിലെ 128, 132 വകുപ്പുകള്‍ പ്രകാരമാണ് സെയ്താലിക്കെതിരേ നെടുമങ്ങാട് പോലീസ് കേസെടുത്തത്. ഇതനുസരിച്ച്, വോട്ടിന്റെ രഹസ്യാത്മകത നഷ്ടപ്പെടുത്തുന്നതും പോളിങ് ബൂത്തിലെ മോശം പെരുമാറ്റവും ശിക്ഷാര്‍ഹമായ കുറ്റങ്ങളാണ്. ഈ കുറ്റങ്ങൾക്ക് മൂന്നുമാസംവരെ തടവോ പിഴയോ രണ്ടുംകൂടിയോ ശിക്ഷ ലഭിക്കാം.

