അമര്‍നാഥ് തീര്‍ത്ഥാടനം തുടങ്ങാനിരിക്കെ കശ്മിരില്‍ ഉന്നത തല സുരക്ഷാ വിലയിരുത്തല്‍ യോഗം നടന്നു.ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കൊപ്പം രാജ്യത്തെ സുരക്ഷാ മേഖലയിലെ ഉന്നതരാണ് യോഗത്തില്‍ പങ്കെടുത്തത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ, കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ, നിയുക്ത കരസേനാ മേധാവി ലഫ്. ജനറല്‍ ഉപേന്ദ്ര ദ്വിവേദി, കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല, ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടര്‍ തപന്‍ ദേക്ക, സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ അനീഷ് ദയാല്‍. സിംഗ്, ജമ്മു കശ്മീര്‍ പോലീസ് ഡയറക്ടര്‍ ജനറല്‍ ആര്‍ആര്‍ സ്വെയിന്‍, തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുത്ത ഉന്നത വ്യക്തികളില്‍ ചിലര്‍. ജൂണ്‍ 29നാണ് ഈ വര്‍ഷത്തെ അമര്‍നാഥ് തീര്‍ത്ഥാടനം ആരംഭിക്കുന്നത്. ഈ ആഘോഷത്തിന്റെ ഒരുക്കങ്ങളും ആഭ്യന്തരമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകനം ചെയ്തു.
ജമ്മുവില്‍ അടുത്തിടെ ഉണ്ടായ തീവ്രവാദി ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് യോഗം ചേര്‍ന്നത് എന്നത് കാര്യങ്ങളെ അതീവ ഗൗരവപൂര്‍്ണമാക്കുന്നുണ്ട്. കശ്മിരില്‍ സീറോ ടെറര്‍ പ്‌ളാന്‍ നടപ്പാക്കാനാണ് നിര്‍ദ്ദേശം. മൂന്നാം മോദി സര്‍ക്കാര്‍ അധികാരമേറ്റ ദിനം തന്നെയാണ് തീവ്രവാദികള്‍ വൈഷ്‌ണോ ദേവി തീര്‍ത്ഥാടകരെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയത് റെയ്‌സിയില്‍ ഉണ്ടായ ആ ആക്രമണത്തില്‍ രണ്ടു വയസ്സുള്ള കുട്ടി ഉള്‍പ്പടെ 9 പേരാണ് മരിച്ചത്. ദേശീയ പാതയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സിന്റെ ഡ്രൈവറെ ദൂരെ നിന്ന് വെടിവയ്ക്കുകയായിരുന്നു. ഡ്രൈവര്‍ക്ക് വെടിയേറ്റതോടെ നിയന്ത്രണം തെററി ബസ്സ് കൊക്കയില്‍ പതിക്കുകയായിരുന്നു. ഭാരതത്തിലെ പ്രധാന ഹിന്ദു ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചും ഭീഷണി നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് അയോദ്ധ്യ രാമക്ഷേത്രത്തിനു നേരേ ജെയ് ഷെ മുഹമ്മദിന്റെ ബോംബ് ഭീഷണിയുണ്ടായത്.
ജമ്മു കശ്മീരിലെ സുരക്ഷാ സാഹചര്യം, അന്താരാഷ്ട്ര അതിര്‍ത്തിയിലും നിയന്ത്രണ രേഖയിലും സൈന്യത്തിന്റെ വിന്യാസം, നുഴഞ്ഞുകയറ്റ പ്രതിരോധം, തീവ്രവാദികളുടെ ശക്തി തുടങ്ങിയ മേഖലകളിലെ അവലോകനമാണ് നടന്നത്. റെയ്‌സി അററ്റാക്കിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത്തരത്തില്‍ ഒരു അടിയന്തര യോഗം ഡല്‍ഹിയില്‍ വിളിച്ചു ചേര്‍ന്നിരുന്നു. നോര്‍ത്ത് ബ്ലോക്കില്‍ നടന്ന ഉന്നതതല യോഗത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷായാണ് അധ്യക്ഷത വഹിച്ചത്. അതിനെ തുടര്‍ന്നുള്ള വിപുലമായ യോഗമാണ് കശ്മിരില്‍ നടന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ, ജമ്മു കശ്മീരിലെ റിയാസി, കത്വ, ദോഡ ജില്ലകളിലെ നാല് സ്ഥലങ്ങളില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ഒമ്പത് തീര്‍ത്ഥാടകര്‍ക്കു പുറമേ ഒരു സിആര്‍പിഎഫ് ജവാന്‍ ജീവമൃത്യു വരിച്ചു. ഏഴ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കത്വ ജില്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് പാകിസ്ഥാന്‍ ഭീകരരെ സുരക്ഷാ സേന വധിച്ചു. ഇവരില്‍ നിന്ന് വന്‍തോതില്‍ ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തിരുന്നു.
ജമ്മു കശ്മീരിലെ സമീപകാല ഭീകരാക്രമണ സംഭവങ്ങളെത്തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നടന്ന കൂടിക്കാഴ്ചയില്‍, തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള സമഗ്രമായ വിവരങ്ങള്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചിരുന്നു. തീവ്രവാദ പ്രവര്‍ത്തനങ്ങളെ നേരിടാനും മേഖലയുടെ സുരക്ഷ ഉറപ്പാക്കാനുമുള്ള തന്ത്രങ്ങളെക്കുറിച്ചും പ്രവര്‍ത്തനങ്ങളെക്കുറിച്ചും അന്തിമ രൂപം നല്‍കി. സുരക്ഷാ സേനയെ വിന്യസിക്കുന്നതും തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളും പ്രധാനമന്ത്രി മോദി ആഭ്യന്തര മന്ത്രി അമിത് ഷായുമായി ചര്‍ച്ച നടത്തി. കൂടാതെ, പ്രധാനമന്ത്രി ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയുമായി ആശയവിനിമയം നടത്തുകയും പ്രാദേശിക ഭരണകൂടത്തിന്റെ പങ്കാളിത്തത്തെ പറ്റി വിശദീകരിക്കുകയും ചെയ്തു. ജമ്മു കശ്മീരിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ അടുത്തിടെ വര്‍ധിച്ച സാഹചര്യത്തില്‍ പ്രദേശവാസികളുടെയും തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കുന്നവരുടെയും സുരക്ഷയും സുരക്ഷയും ഉറപ്പാക്കുന്നതിലാണ് പ്രാഥമിക ശ്രദ്ധ.
അമര്‍നാഥ് യാത്രയില്‍, വിമാനത്താവളത്തില്‍ നിന്നും റെയില്‍വേ സ്റ്റേഷനില്‍ നിന്നും തീര്‍ഥാടനത്തിനുള്ള ബേസ് ക്യാമ്പിലേക്കുള്ള സുഗമമായ യാത്രാ ക്രമീകരണങ്ങള്‍ ഉറപ്പാക്കാന്‍ നടപടികള്‍ ഉണ്ടാകും. ഭയരഹിതമായി എല്ലാ തീര്‍ഥാടകര്‍ക്കും ശരിയായ സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം.
ദക്ഷിണ കശ്മീര്‍ ഹിമാലയത്തില്‍ 3,880 മീറ്റര്‍ ഉയരത്തിലാണ് അമര്‍നാഥ് ഗുഹാക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വളരെ ശ്രദ്ധേയമായ അമര്‍നാഥ് യാത്ര തടസ്സപ്പെടുത്താനാണ് കഴിഞ്ഞയാഴ്ച കത്വയില്‍ സാധാരണക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്ത രണ്ട് പാകിസ്ഥാന്‍ ഭീകരര്‍ ലക്ഷ്യമിട്ടതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നു. ജൂണ്‍ 29 ന് ആരംഭിക്കുന്ന യാത്ര ആഗസ്റ്റ് 19 വരെ തുടരും. ജമ്മു കശ്മീരിലെ ബല്‍താല്‍, പഹല്‍ഗാം എന്നീ രണ്ട് റൂട്ടുകളിലൂടെയാണ് അമര്‍നാഥ് തീര്‍ത്ഥാടകര്‍ യാത്ര ചെയ്യുന്നത്. ഈ വര്‍ഷം തീര്‍ഥാടകരുടെ എണ്ണം അഞ്ച് ലക്ഷമായി ഉയരുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
എല്ലാ തീര്‍ത്ഥാടകര്‍ക്കും അവരുടെ തത്സമയ ലൊക്കേഷന്‍ കണ്ടെത്താന്‍ സഹായിക്കുന്ന റേഡിയോ ഫ്രീക്വന്‍സി ID കാര്‍ഡുകള്‍ നല്‍കും കൂടാതെ എല്ലാവര്‍ക്കും 5 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയും ഉണ്ടാകും. സുരക്ഷിതമായ ഒരു തീര്‍ത്ഥാനടന കാലം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

