ദില്ലി: കേന്ദ്രസർക്കാരിന്റെ ‘ആയുഷ്മാന്‍ ഭാരത്’ പദ്ധതിയുടെ ഗുണഭോക്താക്കള്‍ ഒരു കോടി കടന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി, ട്വിറ്ററിലൂടെ അറിയിച്ചു.
ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ ഗുണഭോക്താക്കളുടെ എണ്ണം ഒരു കോടി കടന്നിരിക്കുന്നു. ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാം. ഈ സംരംഭം നിരവധി ജീവിതങ്ങളെയാണ് സ്വാധീനിച്ചിരിക്കുന്നത്. മേഘാലയയില്‍ നിന്നുള്ള സൈനിക ഉദ്യോഗസ്ഥന്റെ ഭാര്യ പൂജാ ഥാപയാണ് പദ്ധതിയിലെ കോടിഅംഗം. ഇവരുമായി ഫോണില്‍ സംസാരിച്ചതായും പ്രധാനമന്ത്രി വ്യക്തമാക്കി
പദ്ധതിയുടെ പ്രയോജനങ്ങളെ കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആരോഗ്യസംരക്ഷണ പ്രവര്‍ത്തകരെ അഭിനന്ദിക്കുകയും ചെയ്തു. ഈ പദ്ധതിയുടെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന് രാജ്യത്ത് എവിടെ വേണമെങ്കിലും ഇത് പ്രയോജനപ്പെടുത്താം എന്നുള്ളതാണ്.അതുകൊണ്ട് ഗുണഭോക്താക്കള്‍ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഇടത്ത് മാത്രമല്ല ഇന്ത്യയുടെ മറ്റുഭാഗങ്ങളിലും ഉയര്‍ന്ന നിലവാരമുള്ള വൈദ്യസഹായം ലഭിക്കും എന്നും നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.

