Monday, December 22, 2025

എന്തിനീ ഷോക്ക് ട്രീറ്റ്മെൻറ്?കേന്ദം അന്വേഷിക്കുന്നു

ദില്ലി:ലോക്ഡൗൺ കാലത്ത് ചില സംസ്ഥാനങ്ങളിൽ വൈദ്യുതി ബില്ലിൽ വർധനയുണ്ടായത് എന്തുകൊണ്ടാണെന്ന് അന്വേഷിക്കുമെന്ന് കേന്ദ്ര ഊർജ,പുനരുപയോഗ ഊർജ മന്ത്രി ആർ.കെ. സിങ്. നിരക്കുഭേദഗതി നടപ്പാകുമ്പോൾ ഉപയോക്താക്കൾക്ക് കുറഞ്ഞ ചെലവി‍ൽ 24 മണിക്കൂറും വൈദ്യുതി ഉറപ്പാകുമെന്നും അദ്ദേഹം പറഞ്ഞു. 2003ലെ ഇലക്ട്രിസിറ്റി നിയമ ഭേദഗതിക്ക് നിയമമന്ത്രാലയത്തിന്റെ അനുമതി കിട്ടിയാൽ മന്ത്രിസഭയുടെ അംഗീകാരത്തിനു സമർപ്പിക്കും.

അടുത്ത പാർലമെന്റ് സമ്മേളനത്തിൽത്തന്നെ ഇതു പാസാക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലോക്ഡൗൺ കാലത്ത് സംസ്ഥാനങ്ങൾക്കും വിതരണ ഏജൻസികൾക്കും ഒട്ടേറെ ഇളവുകൾ കേന്ദ്രസർക്കാർ നൽകിയിരുന്നു. ഇത് സംസ്ഥാന സർക്കാരുകൾ ഉപയോക്താക്കൾക്ക് കൈമാറിയോ എന്നതിനെക്കുറിച്ച് അന്വേഷിക്കും. നിരക്കു ഭേദഗതി വന്നാൽ അപ്രഖ്യാപിത പവർകട്ടുകളുണ്ടായാൽ വിതരണ ഏജൻസികൾക്ക് പിഴ ഏർപ്പെടുത്തും.

പ്രസാരണ നഷ്ടവും മറ്റും പൂർണമായും ഉപയോക്താക്കളിൽ അടിച്ചേൽപ്പിക്കുന്നതു തടയും. ഇതിന്റെ 15 ശതമാനത്തിലധികം ഉപയോക്താക്കളിൽ നിന്ന് ഈടാക്കാൻ അനുവദിക്കില്ല. 3 വർഷത്തിനുള്ളിൽ പ്രസാരണനഷ്ടം 15 ശതമാനത്തിൽ കുറയ്ക്കണമെന്നും നിബന്ധനയുണ്ടാകും. നിശ്ചിത വിഭാഗങ്ങൾക്കുള്ള സബ്സിഡി ആദ്യം തന്നെ ഉപയോക്താക്കളുടെ അക്കൗണ്ടിൽ എത്തണമെന്നത് നിർബന്ധമാക്കും. സബ്സിഡിത്തുക കിട്ടാത്തതു കാരണം ഉപയോക്താക്കളുടെ കണക്‌ഷൻ വിച്ഛേദിക്കില്ല.

അതതു സംസ്ഥാനങ്ങളിലെ ഹൈക്കോടതി സിറ്റിങ് ജഡ്ജിമാരെ വൈദ്യുതി റഗുലേറ്ററി കമ്മിഷനുകളുടെ അധ്യക്ഷന്മാരാക്കാനും പ്രവർത്തനം കാര്യക്ഷമമാക്കാൻ സംസ്ഥാനങ്ങളിൽ സ്ഥിരം സമിതി രൂപവൽക്കരിക്കാനും ഉദ്ദേശിക്കുന്നതായും അദ്ദേഹം പറഞ്ഞു. പുനരുപയോഗിക്കുന്ന ഊർജം വരും വർഷങ്ങളിൽ കൂടുതലായി ഇന്ത്യൻ വൈദ്യുതി രംഗത്തു വരും. സോളർ സെല്ലുകളും മൊഡ്യൂളുകളും ഇറക്കുമതി ചെയ്യുന്നതിന് നിയന്ത്രണം കൊണ്ടുവരും. ഇന്ത്യയിൽ നിർമിക്കാവുന്നതൊക്കെ ഇന്ത്യയിൽത്തന്നെ നിർമിക്കണം.

ആദ്യവർഷം 20–25% കസ്റ്റംസ് ഡ്യൂട്ടി ഏർപ്പെടുത്തും. വരുംവർഷങ്ങളിൽ ഇത് 40% വരെ ഉയർത്തും. സോളർ സെല്ലുകൾക്ക് ആദ്യം 15% നികുതിയും വരും വർഷങ്ങളിൽ 30% വരെ നികുതിയും ഏർപ്പെടുത്തും. ഇന്ത്യയിൽ നിർമിക്കാത്ത ഉപകരണങ്ങൾ 3 വർഷത്തിനുള്ളിൽ ഇന്ത്യയിൽത്തന്നെ നിർമിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

Related Articles

Latest Articles