ദില്ലി : കേന്ദ്രസർക്കാരിന്റെ ദേശീയ വിദ്യാഭ്യാസ നയത്തെ പിന്തുണച്ച് കോൺഗ്രസ് വക്താവും തെന്നിന്ത്യൻ നടിയുമായ ഖുഷ്ബു. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഖുഷ്ബു പിന്തുണ അറിയിച്ചിരിക്കുന്നത്.
ദേശീയ വിദ്യാഭ്യാസ നയം 2020-ന്‍റെ കാര്യത്തിൽ പാർട്ടിയിൽനിന്ന് വ്യത്യസ്തമാണ് തന്റെ നിലപാടെന്നാണ് ഖുഷ്ബു കുറിച്ചിരിക്കുന്നത് . എല്ലാ കാര്യങ്ങളിലും നിങ്ങളുടെ നേതാവിനോട് യോജിക്കാൻ കഴിഞ്ഞേക്കില്ലെന്നും എന്നാൽ രാജ്യത്തെ പൌരൻ എന്ന നിലയിൽ ധൈര്യമായി അഭിപ്രായം പ്രകടിപ്പിക്കുകയെന്നത് പ്രധാനമാണെന്നും ഖുഷ്ബു വ്യക്തമാക്കി .
ഖുഷ്‌ബുവിന്റെ കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ :
ദേശീയ വിദ്യാഭ്യാസ നയം 2020-ന്‍റെ കാര്യത്തിൽ പാർട്ടിയിൽനിന്ന് വ്യത്യസ്തമാണ് എന്‍റെ നിലപാട്. ഇതിന് രാഹുൽജിയോട് ഖേദം അറിയിക്കുന്നു. ഞാൻ തല കുനിച്ചിരിക്കുന്ന റോബോട്ടോ പാവയോ ആകുന്നതിനേക്കാൾ നല്ലത് വസ്തുത സംസാരിക്കുകയെന്നതാണ്. എല്ലാ കാര്യങ്ങളിലും നിങ്ങളുടെ നേതാവിനോട് യോജിക്കാൻ കഴിഞ്ഞേക്കില്ല. പക്ഷേ രാജ്യത്തെ പൌരൻ എന്ന നിലയിൽ ധൈര്യമായി അഭിപ്രായം പ്രകടിപ്പിക്കുകയെന്നത് പ്രധാനമാണ്”- ഖുഷ്ബു കുറിച്ചു
വിദ്യാഭ്യാസമേഖലയിൽ മൂന്നു പതിറ്റാണ്ടിനുശേഷം ഒട്ടേറെ പരിഷ്ക്കാരങ്ങളുമായി ദേശിയ വിദ്യാഭ്യാസ നയം 2020ന് കഴിഞ്ഞദിവസമാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയത്. എല്ലാ സ്കൂളുകളിലും മാതൃഭാഷയോ പ്രാദേശിക ഭാഷയോ അഞ്ചാം ക്ലാസ് വരെ അധ്യാപന മാധ്യമമായിരിക്കുമെന്ന് ദേശീയ വിദ്യാഭ്യാസ നയം 2020 വ്യക്തമാക്കുന്നു

