ദില്ലി: സീറോ മലബാര്‍ സഭയുടെ കീഴിലുള്ള ലാഡോസറായിൽ പ്രവർത്തിച്ചിരുന്ന ലിറ്റിൽ ഫ്ലവർ ദേവാലയം പൊളിച്ചുനീക്കി. 13 വർഷമായി പ്രവർത്തിച്ചിരുന്ന പള്ളി ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘമാണ് പൊളിച്ചത്. അനധികൃത നിര്‍മാണമെന്ന് ആരോപിച്ചായിരുന്നു നടപടി.
ദേവാലയം പൊളിച്ച് മാറ്റമണമെന്ന് നോട്ടീസ് നൽകി രണ്ടു ദിവസത്തിനുള്ളിൽ നടപടി സ്വീകരിച്ചതും പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. നോട്ടീസിന് മറുപടി നൽകാൻ പോലും ജില്ലാ ഭരണകൂടം അവസരം നൽകിയില്ലെന്നാണ് വിശ്വാസികളുടെ പരാതി. ഭരണകൂടത്തിന്റെ നടപടി വിവേചനപരമാണെന്ന് വിമർശനം വിവിധ കോണുകളിൽ നിന്നും ഉയർന്നിട്ടുണ്ട്. പള്ളി പൊളിച്ചതിനെതിരേ നിയമ നടപടി സ്വീകരിക്കുമെന്ന് വിശ്വാസികൾ അറിയിച്ചു. പള്ളിയോട് ചേർന്നുള്ള രണ്ടു കെട്ടിടങ്ങൾ ഭാഗികമായി മാത്രം പൊളിച്ച ശേഷമാണ് പള്ളിയും അനുബന്ധ കെട്ടിടങ്ങളും പൂർണമായും പൊളിച്ചത്

