Saturday, December 20, 2025

പശ്ചിമ ബംഗാളില്‍ ആഞ്ഞടിച്ച് ഉംപുണ്‍; മരണം 12 ആയി, കനത്ത നാശനഷ്ടം

കൊല്‍ക്കത്ത: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ഉംപുണ്‍ ചുഴലിക്കാറ്റ് കനത്ത നാശം വിതക്കുന്നു. 165 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ പശ്ചിമബംഗാളിലും ഒഡിഷയിലുമായി ഇതുവരെ 12 പേര്‍ മരിച്ചു. നിരവധി വീടുകളും കെട്ടിടങ്ങളും മരങ്ങളും വൈദ്യുതി പോസ്റ്റുകളും നിലംപൊത്തി.

കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായി. കൊല്‍ക്കത്തയിലും ദക്ഷിണ ബംഗാളിലുമാണ് ചുഴലിക്കാറ്റ് കനത്ത നാശനഷ്ടമുണ്ടാക്കിയത്. 165 കിലോമീറ്റര്‍ വേഗതയിലാണ് ബംഗാളില്‍ ഉംപുണ്‍ വീശിയത്. ഒഡിഷയില്‍ 155-165 കിമീ വേഗതയിലാണ് കാറ്റ് വീശിയത്.

ചുരുങ്ങിയത് 12 മരണങ്ങളെങ്കിലുമുണ്ടായെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞു. നോര്‍ത്ത് 24 പര്‍ഗനാസ്, ഷാലിമാര്‍, ഹൗറ ജില്ലകളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. ആശയവിനിമയ സംവിധാനങ്ങളും വൈദ്യുതി ബന്ധവും താറുമാറായി. ഒഡിഷയില്‍ ആരും മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ബംഗാളില്‍ 5 ലക്ഷം പേരെയും ഒഡിഷയില്‍ 1.58 ലക്ഷം പേരെയുമാണ് ഒഴിപ്പിച്ചത്.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ടഉംപുണ്‍ ചുഴലിക്കാറ്റ് സൂപ്പര്‍ സൈക്ലോണായി മാറിയതോടെ കനത്ത നാശം വിതച്ചത്. ബുധനാഴ്ചയാണ് ഉംപുണ്‍ കരതൊട്ടത്. ജാഗ്രതയുടെ ഭാഗമായി കൊല്‍ക്കത്തിയലെ മേല്‍പ്പാലങ്ങള്‍ അടച്ചിരിക്കുകയാണ്.

നാളെ രാവിലെ 5 വരെ കൊല്‍ക്കത്ത വിമാനത്താവളത്തില്‍ നിന്നുള്ള അവശ്യ സര്‍വീസ് റദ്ദാക്കിയിട്ടുണ്ട്. ആളുകള്‍ പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെ 41 സംഘങ്ങളാണ് ബംഗാളിലും ഒഡീഷയിലുമായുള്ളത്. രക്ഷാ പ്രവര്‍ത്തനത്തിന്നായി നാവിക സേനയുടെ 20 സംഘങ്ങളും തയ്യാറാണ്.

Related Articles

Latest Articles