Monday, December 22, 2025

പ്രവാസികൾക്ക് മടങ്ങാം, പക്ഷേ കർശന ഉപാധികൾ പാലിച്ചേ പറ്റൂ

ദില്ലി: പ്രവാസികളുടെ മടക്കത്തിന് കര്‍ശന ഉപാധികളുമായി കേന്ദ്ര സര്‍ക്കാര്‍. പ്രവാസികളെ മടക്കി എത്തിക്കാനുള്ള കേരളത്തിന്റെ മാനദണ്ഡം അംഗീകരിക്കില്ലെന്ന് കേന്ദ്രം അറിയിച്ചു. ഇതോടെ നാട്ടിലേക്ക് മടങ്ങാനായി കാത്തിരിക്കുന്ന എല്ലാ മലയാളി പ്രവാസികള്‍ക്കും തിരിച്ചെത്താന്‍ സാധിക്കില്ല.

നാലു ലക്ഷത്തിലധികം പ്രവാസികളാണ് മടങ്ങിവരവിനായി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി കാത്തിരിക്കുന്നത്. എന്നാല്‍ മടങ്ങിയെത്തേണ്ടവരുടെ കേന്ദ്ര പട്ടികയില്‍ ആകെ രണ്ട് ലക്ഷം പേര്‍ മാത്രമാണുള്ളത്. നിലവില്‍ അടിയന്തര സ്വഭാവമുള്ളവരെയും വീസ കാലാവധി തീര്‍ന്നവരെയും മാത്രമേ എത്തിക്കുകയുള്ളൂ.

അതേസമയം, ലോക്ക്ഡൗണിനെ തുടര്‍ന്നു കുടുങ്ങിയ പ്രവാസികള്‍ ഈ ആഴ്ച മുതല്‍ നാട്ടിലെത്തും. മാലദ്വീപില്‍നിന്നാണ് ആദ്യസംഘത്തെ നാട്ടിലെത്തിക്കുന്നത്. 200 പേരുടെ ആദ്യ സംഘത്തെ ഈ ആഴ്ച തന്നെ മാലദ്വീപില്‍നിന്നും കൊച്ചിയിലെത്തിക്കും.

കപ്പല്‍ മാര്‍ഗമാണ് ഇവരെ കൊച്ചിയില്‍ എത്തിക്കുക. ഇവര്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയണം. കപ്പല്‍ യാത്രയുടെ പണം ഈടാക്കാന്‍ തത്കാലത്തേക്ക് തീരുമാനം ഇല്ല.

14 ദിവസത്തിന് ശേഷം ഇവര്‍ സ്വന്തം സ്ഥലങ്ങളിലേക്ക് മടങ്ങുന്നതിനെ കുറിച്ച് കേരള സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും തീരുമാനം എടുക്കും എന്നും വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

Related Articles

Latest Articles