കുവൈറ്റ് സിറ്റി : കായംകുളം സ്വദേശി കുവൈറ്റിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കായംകുളം എരുവ നേരിട്ടെത്ത് സണ്ണി യോഹന്നാൻ (55) ആണ് മരിച്ചത്. സാൽമിയയിലെ താമസസ്ഥലത്ത് ശുചിമുറിയിൽ കുഴഞ്ഞുവീണ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
കഴിഞ്ഞ മാസം ഇദ്ദേഹത്തിന്റെ ഭാര്യ ലോക്ക്ഡൗണിനിടെ നാട്ടിൽ മരണമടഞ്ഞിരുന്നു. അർബുദ രോഗബാധയെ തുടർന്നായിരുന്നു ഭാര്യയുടെ മരണം.എന്നാൽ ലോക്ക്ഡൗൺ കാരണം ഭാര്യയുടെ മൃതദേഹം കാണാൻ പോലും നാട്ടിലേക്ക് പോകാൻ സണ്ണിക്ക് കഴിഞ്ഞിരുന്നില്ല. അതിന്റെ പേരിൽ വലിയ മാനസിക സംഘർഷത്തിലായിരുന്നു സണ്ണിയെന്ന് സുഹൃത്തുക്കൾ പറഞ്ഞു. അതിനിടെ ഈ മാസം 16 ന് ഇദ്ദേഹത്തിന്റെ താമസ രേഖാ കാലാവധിയും അവസാനിച്ചിരുന്നു. എന്നാൽ അത് വീണ്ടും പുതുക്കുന്നതിന് മുമ്പാണ് മരണം സംഭവിച്ചത്.
പരേതരായ ദമ്പതികളുടെ ഏക മകൾ നാട്ടിലാണ്. സണ്ണിയുടെ മൃതദേഹം നാട്ടിലെത്തിച്ച് പള്ളി സെമിത്തേരിയിൽ തന്നെ സംസ്കരിക്കാനുള്ള പരിശ്രമത്തിലാണ് സുഹൃത്തുക്കൾ.

