കണ്ണൂര്‍: പ്രമുഖ ധനകാര്യ സ്ഥാപനം ഫോണിൽ വിളിച്ച് ,ജോലിക്ക് ഇനി മുതൽ വരണ്ട എന്ന് ജീവനക്കാരോട് ആവശ്യപ്പെടുന്നതായി പരാതി. രാജ്യത്തെ ഒരു പ്രമുഖ നോണ്‍ ബാങ്കിംഗ് ഫിനാന്‍ഷ്യയാണ് കേരളത്തിലെ വിവിധ ബ്രാഞ്ചുകളിലെ ജീവനക്കാരെ ഫോണില്‍ വിളിച്ച് ഇനി ജോലിയ്ക്ക് വരണമെന്നില്ലെന്നും, രാജിക്കത്ത് നല്‍കണമെന്നും ആവശ്യപ്പെടുന്നത്.വര്‍ഷങ്ങളുടെ പ്രവൃത്തി പരിചയമുള്ളവരോട് പകുതി ശമ്പളത്തിൽ നില്‍ക്കാന്‍ തയ്യാറുണ്ടോയെന്ന് കമ്പനി ചോദിക്കുന്നതായും പരാതിയുണ്ട്.
ഓഫീസ് ജോലി ചെയ്യുന്നവരെയും,സെയില്‍സ്, ക്രഡിറ്റ്, ഓപ്പറേഷന്‍സ് വിഭാഗങ്ങളിലെ ജീവനക്കാരെയെല്ലാം ഇത്തരത്തിൽ ഒഴിവാക്കുന്നുണ്ട്. സംസ്ഥാനത്തെ അമ്പതോളം ബ്രാഞ്ചുകളില്‍ പതിനഞ്ച് ശതമാനം ജീവനക്കാരെയെങ്കിലും ഒഴിവാക്കാനാണ് കമ്പനിയുടെ നീക്കമെന്നും ജീവനക്കാര്‍ ആരോപിക്കുന്നു. ഈ സാഹചര്യം മുതലെടുത്ത് കൂടുതല്‍ കമ്പനികള്‍ പിരിച്ച് വിടല്‍ നടപടികൾ ആരംഭിക്കുമോ, എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.

