Sunday, December 21, 2025

രാഹുലിനെതിരെ ശരത് പവാര്‍; 1962 ഓര്‍മ വേണം….ദേശീയ സുരക്ഷ ഒരിക്കലും രാഷ്ട്രീയമാകരുത്

മുംബൈ: ചൈനീസ് അധിനിവേശ ടിബറ്റന്‍ അതിര്‍ത്തി സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയെയും വിമര്‍ശിച്ച്് എന്‍സിപി നേതാവ് ശരത് പവാര്‍. ദേശീയ സുരക്ഷ ഒരിക്കലും രാഷ്ട്രീയവത്കരിക്കരുതെന്ന് പവാര്‍ പറഞ്ഞു. 1962ല്‍ ചൈനയുമായുണ്ടായ യുദ്ധം നാം മറക്കരുത്. അന്ന് 45,000 ചതുരശ്ര അടി ഇന്ത്യന്‍ ഭൂമിയാണ് നമുക്ക് നഷ്ടപ്പെട്ടതെന്ന് മറക്കരുതെന്നും പവാര്‍ ഓര്‍മിപ്പിച്ചു.

ചൈനയുമായുള്ള യുദ്ധത്തില്‍ ഇന്ത്യക്കേറ്റ തിരിച്ചടിയില്‍ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തുന്നതായിരുന്നു പവാറിന്റെ മറുപടി. അതേസമയം നേരത്തെ സര്‍വകക്ഷി യോഗത്തിലും സര്‍ക്കാര്‍ വിമര്‍ശനം സോണിയ നടത്തിയപ്പോള്‍ അതിനെ തടയാന്‍ പവാര്‍ ശ്രമിച്ചിരുന്നു.

പവാറിന്റെ പുതിയ പ്രകോപനം മഹാരാഷ്ട്ര സഖ്യത്തിലും വിള്ളലുണ്ടാക്കുന്നതാണ്. അതേസമയം രാഹുലിനെതിരെ പവാര്‍ തുറന്ന ആക്രമണമാണ് നടത്തിയിരിക്കുന്നത്. തുടര്‍ച്ചയായി പ്രധാനമന്ത്രിയെ രാഹുല്‍ഗാന്ധി വിമര്‍ശിക്കുന്നുണ്ട്.

മോദി ഇന്ത്യയുടെ മണ്ണ് ചൈനയ്ക്ക് മുന്നില്‍ അടിയറ വച്ചെന്നും രാഹുല്‍ കുറ്റപ്പെടുത്തിയിരുന്നു. ഗാല്‍വാന്‍വാലിയിലെ സംഘര്‍ഷം പ്രതിരോധ മന്ത്രിയുടെ പരാജയമായി മുദ്ര കുത്താന്‍ പാടില്ലെന്ന് പവാര്‍ പറഞ്ഞു. അവിടെ ഇന്ത്യന്‍ സൈനികര്‍ ജാഗ്രതയോടെ പട്രോളിംഗ് നടത്തുന്നുണ്ടായിരുന്നു. വളരെ വൈകാരികമായ വിഷയമാണ് ഇതെന്നും പവാര്‍ പറഞ്ഞു.

ചൈനീസ് അധിനിവേശ ടിബറ്റന്‍ അതിര്‍ത്തിയില്‍ ചൈനയാണ് പ്രകോപനപരമായ സമീപനം സ്വീകരിച്ചതെന്നും പവാര്‍ പറഞ്ഞു. ഇന്ത്യ പരിമിതിക്കുള്ളില്‍ നിന്ന് കൊണ്ട് ഗാല്‍വാന്‍ വാലിയില്‍ റോഡുകള്‍ നിര്‍മിക്കുന്നുണ്ടെന്നും, അതിലൂടെ കൂടുതല്‍ ആശയവിനിമയം സാധ്യമാകുമെന്നും പവാര്‍ പറഞ്ഞു.

നിങ്ങള്‍ പട്രോളിംഗ് നടത്തുമ്പോള്‍ ആരെങ്കിലും വന്നാല്‍ അത് പ്രതിരോധത്തിന്റെ പരാജയമായി കാണാനാവില്ല. ദില്ലിയില്‍ ഇരിക്കുന്ന പ്രതിരോധ മന്ത്രിയുടെ വീഴ്ച്ചയാണ് അതെന്ന് പറയാനാവില്ലെന്നും പവാര്‍ വ്യക്തമാക്കി.

അത് ദേശീയ സുരക്ഷാ വിഷയമാണ്. അക്കാര്യം ഒരിക്കലും രാഷ്ട്രീയവത്കരിക്കരുതെന്നാണ് എന്റെ അഭിപ്രായം. അതേസമയം ഇന്ധന വില വര്‍ധനയില്‍ അദ്ദേഹം കേന്ദ്രത്തിനെ വിമര്‍ശിച്ചിട്ടുണ്ട്. ഇത്രയധികം വില ഉയര്‍ന്നത് താന്‍ ഇതുവരെ കണ്ടിട്ടില്ലെന്നും പവാര്‍ പറഞ്ഞു.

Related Articles

Latest Articles